തെങ്ങും ചതിക്കും.-അബുദേവ്.സി
അന്നൊരു ബുധനാഴ്ചയായിരുന്നു. എനിക്ക് നല്ല ഓര്‍മ്മയുണ്ടത്. സ്കൂള്‍ പ്രവൃത്തിദിവസമായിരുന്നിട്ടും ഞാനന്ന് പോയില്ല. കാരണം എന്റെ അമ്മായിയുടെ ഓര്‍മ്മദിവസമാണന്ന്. എനിക്ക് സന്തോഷമാണ് തോന്നിയത്. കാരണം എന്റെ നാല് ഏട്ടന്മാരെയും ഒരുമിച്ചുകാണാന്‍ പറ്റുന്നത് അന്നാണ്. രാവിലേതന്നെ ഞാനും അച്ഛനും അമ്മയും വീട്ടില്‍ നിന്നിറങ്ങി പള്ളിയിലേക്കുപോയി. അച്ഛന്റെ മുഖത്ത് ഒരു നിഴല്‍ വീണതുപോലെ എനിക്കുതോന്നി. ഏറ്റവും പ്രിയപ്പെട്ട പെങ്ങളെ നഷ്ടപ്പെട്ടതിന്റെ ദുഖമാണതെന്ന് എനിക്കു മനസ്സിലായി. ഇതേ ഭാവം തന്നെയാണ് എനിക്ക് ചേട്ടായിമാരുടെ മുഖത്തും കാണാന്‍ കഴിഞ്ഞത്. പക്ഷേ അവ കൂടുതല്‍ ഗാഢമായിരുന്നു. ചെറുപ്പത്തിലേ അനാഥരായ അവരെ ഒരച്ഛന്റെ വാത്സല്യം നല്കി വളര്‍ത്തിയ എന്റെ അച്ഛനോട് എനിക്ക് വളരെയധികം ബഹുമാനം തോന്നി. പള്ളിയിലെ പ്രാര്‍ത്ഥന ഏകദേശം ഒമ്പതുമണിയോടെ അവസാനിച്ചു.
അതിനുശേഷം ഞങ്ങളെല്ലാവരും കൂടി ഇടവരമ്പിലെ വീട്ടിലേക്കു വന്നു. നല്ല ഫലവൃക്ഷങ്ങളുള്ള പറമ്പാണ് ഇടവരമ്പില്‍. ചാമ്പങ്ങയും ഞാവലും പേരയ്ക്കുയും എല്ലാം. ഞാനും ചേട്ടന്മാരും കൂടി അവ പറിക്കുന്നതിലേര്‍പ്പെട്ടു.മൂത്ത ചേട്ടന്‍ മാത്രം അച്ഛനോട് എന്തോ വലിയ ചര്‍ച്ചയിലാണ്. കാരണം അവനാണല്ലോ കുടുംബകാര്യങ്ങളെല്ലാം നോക്കുന്നത്. എന്നെക്കാള്‍ ഇരുപത് വയസ്സിന് മൂപ്പാണെങ്കിലും ഞാന്‍ അവരെ എടാ, നീ, എന്നൊക്കെയാണ് വിളിക്കാറ്. വളര്‍ത്തുദോഷം. അല്ലാതെന്തുപറയാന്‍. ഞങ്ങളുടെ കളികള്‍ കഴിഞ്ഞതിനുശേഷം തിരിച്ചുവന്നപ്പോഴേക്കും കാപ്പി റെഡി. കാപ്പി കുടികഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് ഞാന്‍ എന്റെ തനിസ്വരൂപം കാണിച്ചുതുടങ്ങിയത്. അവിടെക്കണ്ട പണിയായുധങ്ങള്‍ ഓരോന്നായി ഉപയോഗിച്ചുതുടങ്ങി. ഒടുവിലാണ് ഞാനതുകണ്ടത്. തെങ്ങുകയറാനുപയോഗിക്കുന്ന ക്ലൈംബര്‍. എന്റെ ചേട്ടന്‍ അതുപയോഗിച്ച് വളരെ വേഗത്തില്‍ തെങ്ങില്‍കയറുന്നത് ഞാനെന്നും അത്ഭുതത്തോടെ നോക്കിനില്ക്കാറുണ്ട്. ഞാന്‍ അങ്ങനെ ക്ലൈംബര്‍ പഠിക്കാന്‍ തീരുമാനിച്ചു.
ആ ക്ലൈംബര്‍ കേടായതാണെന്ന ഉപദേശം സ്വീകരിക്കാതെ ഞാന്‍ പഠിത്തം തുടങ്ങി. ചേട്ടന്‍ ക്ലൈംബര്‍ താല്കാലികമായി ശരിയാക്കിയതിന്റെ ബലത്തില്‍ ഞാന്‍ ഒരു തവണ തെങ്ങിന്റെ തലവരെ കയറി. എവറസ്റ്റ് കീഴടക്കിയവന്റെ ഗമയായിരുന്നു അപ്പോഴെനിക്ക്. പിന്നെ ഞാന്‍ വീണ്ടും എവറസ്റ്റ് കീഴടക്കാന്‍ തുടങ്ങി. വീട്ടിലേക്ക് കയറിവരാന്‍ അമ്മ നിര്‍ദേശിച്ചതോടെ അവസാനവട്ടം കയറ്റം എന്നും പറഞ്ഞ് ഞാന്‍ ഒന്നുകൂടെ തെങ്ങില്‍ കയറി. മുക്കാല്‍ ഭാഗം കയറിയപ്പോഴേക്കും ക്ലൈംബറിന്റെ ഇരുമ്പുകയര്‍ പൊട്ടി ഞാന്‍ താഴെ വീണു. തൊലിക്കും മനസ്സിനും നല്ലകട്ടിയായതിനാല്‍ പുറമെ മുറിവൊന്നും പറ്റിയിരുന്നില്ല. ഞാന്‍ നടന്ന് വീട്ടിലേക്കു കയറിയപ്പേഴേക്കും ഏട്ടന്മാര്‍ ഒടിയെത്തിയിരുന്നു. വേദനകൊണ്ട് പുളയുകയായിരന്നു ഞാന്‍. കരയില്ലെന്ന് ശപഥം ചെയ്തിരുന്നതിനാല്‍ ഒരുതുള്ളി കണ്ണുനീരുപോലും വന്നില്ല. പിന്നീടാണ് മനസ്സിലായത് വലതുകാലിലെ നാലു വിരലുകളും പൊട്ടിയിട്ടുണ്ടെന്ന്. പുളിങ്ങോം മഖാം ഉറൂസായതിനാല്‍ ആശുപത്രിയിലെത്താനും വളരെ വൈകി. ആ അനുഭവം മൂലം രണ്ടുമാസം കാലില്‍ പ്ലാസ്റ്ററിട്ടു കിടക്കേണ്ടി വന്നു.
No comments:
Post a Comment