Wednesday, January 12, 2011

ഇമ്മിണി വല്യ കുരുത്തക്കേടുകള്‍-നിയാസ്. എം.


ഇമ്മിണി വല്യ കുരുത്തക്കേടുകള്‍-    -നിയാസ്. എം.


അന്ന് ഞാന്‍ അഞ്ചാംക്ലാസില്‍ പഠിക്കുകയായിരുന്നു. മൂന്നു കെട്ടിടങ്ങളുള്ള അരവഞ്ചാല്‍ യു.പി. സ്കൂളിലായിരുന്നു പഠിച്ചത്. അതിനെ തഴുകിക്കൊണ്ട് ഒഴുകുന്ന ഒരു തോട്. അതിന്റെ കരയില്‍ ഒരു ഹെല്ത്ത്സെന്റര്‍. അതിനപ്പുറത്തായി തോടിന്റെ മറുകരയില്‍ തോട്ടിലേക്ക് ചാഞ്ഞുനില്ക്കുന്ന കനിപ്പഴത്തിന്റെ മരങ്ങള്‍. വേനല്ക്കാലമായതിനാല്‍ തോടുപോലെ ഒഴിഞ്ഞവയറുമായി നില്ക്കുകയാണ് മരങ്ങള്‍. മറുകരയില്‍ നിന്ന് തോടിനുകുറുകെ വളഞ്ഞുകുനിഞ്ഞ് നില്ക്കുകയാണ് അതിലൊരു മരം. ഇന്റര്‍വെല്‍ സമയങ്ങളില്‍ ഞങ്ങള്‍ കുറച്ചുപേര്‍ അവിടെ കാക്കകളിക്കാന്‍ പോകുമായിരുന്നു. അവിടെ കളിക്കാന്‍ പോകുന്നവര്‍ ക്ലാസിലെ ഇമ്മിണി വല്യപോക്കിരിമാരാണ്.ഈ ചെറിയവന്‍ അതിലൊരു അംഗവുമാണ്.
ഒരു ദിവസം ഉച്ചകഴിഞ്ഞുള്ള പിരിയഡില്‍ ടീച്ചര്‍ ഇല്ലായിരുന്നു. ഞങ്ങളുടെ ക്ലാസി ല്‍ കല്ലിട്ടില്ലെങ്കിലും കുറുക്കന്‍മാരെ വെല്ലുന്ന ശബ്ദമാണ്. അതുകൊണ്ടുതന്നെ നമ്മുടെ ഹിന്ദിടീച്ചര്‍ ആയ ദേവരാജന്‍മാസ്റ്റര്‍ വന്ന് ഞങ്ങളെ പുറത്തുവിട്ടു. വിടുമ്പോള്‍ ടീച്ചര്‍ വന്നാല്‍ കയറണം എന്നും പറഞ്ഞു. എന്നാല്‍ പുറത്തിറങ്ങിയ ഞങ്ങള്‍ പോക്കിരികള്‍ ആദ്യം പോയത് തോട്ടിലെക്കാണ്. അവസാനം മരത്തില്‍ കയറുന്നയാള്‍ കാക്ക എന്ന നിയമം ഉള്ളതിനാല്‍ ഞങ്ങളെല്ലാവരു മത്സരിച്ചോടിയിരുന്നു. അങ്ങനെ ഞങ്ങളവിടെ കളിക്കാന്‍ തുടങ്ങി. എന്നാല്‍ ഇതിനിടയില്‍ മറ്റൊരു ടീച്ചര്‍ ക്ലാസിലെത്തി. ഇത് ഞങ്ങളെ അറിയിക്കാന്‍ വന്ന സുഹൃത്ത് ആസിഫിനെ ഞങ്ങള്‍ തിരിച്ചയച്ചു. അവനത് ഇന്റര്‍വെല്‍ സമയത്ത് മുതിര്‍ന്ന ക്ലാസുകാരോടുപറഞ്ഞു. അങ്ങനെ സ്കൂളിലെ ആണ്‍കുട്ടികള്‍ മുഴുവന്‍ ഞങ്ങളെ തിരക്കി അവിടെയെത്തി. ഇത് ദൂരെ നിന്ന് കണ്ട ഞങ്ങള്‍ മറുകരയിലുള്ള കയ്യാലക്കപ്പുറത്ത് ഒളിച്ചുനിന്നു. കുറച്ചുകഴിഞ്ഞ് ഞങ്ങളെക്കാണാതെ അവര്‍ തിരിച്ചുപോകാന്‍ തുടങ്ങി. ആസമയത്ത് ഞങ്ങളിലുള്ള നന്ദു എന്നവന്‍ മെല്ലെ എഴുനേറ്റുനിന്നു. പെട്ടെന്ന് ഒരുത്തന്‍ തിരിഞ്ഞുനോക്കി. അവന്‍ നന്ദുവിനെ ക്കണ്ടു. ആ നിമിഷം മുതല്‍ ഞങ്ങള്‍ അവിടെനിന്ന് ഓട്ടമായി. തേനീച്ചക്കൂട്ടം പോലെ ഞങ്ങളുടെ പിറകെ അവരുമുണ്ടായിരുന്നു. പെട്ടെന്ന് ഒരു പട്ടിയുടെ കുര. നോക്കുമ്പോള്‍ ഒരു പട്ടി മുന്നില്‍. ചെകുത്താന്റെയും കടലിന്റെയും നടുക്കായതുപോലെ ഞങ്ങളൊന്നു പകച്ചു. പെട്ടെന്ന് ഞങ്ങള്‍ക്ക് ഒരു കാര്യം മനസ്സിലായി.അതിനെ കെട്ടിയിട്ടുണ്ട്. ഞങ്ങള്‍ അവിടെനിന്ന് വലത്തോട്ട് ഒരു ഓട്ടം വച്ചുകൊടുത്തു. തോട്ടത്തില്‍ പണിഎടുത്തുകൊണ്ടിരുന്നവര് ഞങ്ങളോട് എന്താണെന്നുചോദിച്ചു. ഞങ്ങളിലെ കുസൃതിക്കാരനായ നന്ദു പിന്നെയും യൊരടവെടുത്തു. അവന്‍ സഞ്ചുകാക്ക സഞ്ചുകാക്ക എന്നുപറഞ്ഞുകൊണ്ടിരുന്നു. സഞ്ചു എന്നുപറഞ്ഞാല്‍ ഞങ്ങളിലൊരുവനായ സഞ്ചയ് യെ യാണ് സൂചിപ്പിക്കുന്നത്. പെട്ടെന്ന് ഒന്നരമീറ്റര്‍ വീതിയുള്ള ഒരു തോട് ഞങ്ങള്‍ തുളളിക്കടന്നു. അതിനിടയ്ക്ക് ശരത്തിന്റെ കാല് മുറിഞ്ഞു. അതുകൊണ്ടവന് വേഗത്തില്‍ ഓടാന്‍ കഴിയുന്നില്ല. ഒരുത്തനെ മാത്രം ഉപേക്ഷിച്ച് ഞങ്ങള്‍ ഓടുന്നതുശരിയല്ല. അതുകൊണ്ട് ഞങ്ങള്‍ അവിടെനിന്ന് ഒരു കുറുക്കുവഴിയിലൂടെ സ്കൂളിലേക്കുതിരിച്ചു. ഞങ്ങളുടെ മറ്റൊരുസങ്കേതമായ കശുമാവിന്‍ ചുവട്ടില്‍ ഇരുന്നു. ഞങ്ങളുടെ പിറകെ ഒരു സ്കൂള്‍ മൊത്തം വന്നു. അവര്‍ ഞങ്ങളെ ടീച്ചറുടെ സമീപത്തേക്ക് ആനയിച്ചു. ഞങ്ങളുടെയൊക്കെ പേടിസ്വപ്നമായ എന്നാല്‍ സ്നേഹത്തിന്റെ നിറകുടമായ ശൈലജടീച്ചറുടെ അടിത്തേക്കാണ് കൊണ്ടുപോയത്. നീണ്ട് മെലിഞ്ഞ ശരീരവും പാതി നരച്ച് കെട്ടിവച്ച മുടിയും ഇളം കറുപ്പുമുള്ള ടീച്ചറെ കണ്ടാല്‍ ആരായാലും ഒന്ന് ബഹുമാനിക്കും. ദേഷ്യം വന്നാല്‍ നല്ലവണ്ണം അടിക്കുന്ന ടീച്ചറുടെ അടുത്തേക്ക് പോയത് പേടിച്ചുകൊണ്ടാണ്. എന്നാല്‍ ടീച്ചര്‍ ഞങ്ങളെ താക്കീത് തന്ന് വിട്ടയയ്ക്കുകയാണ് ചെയ്തത്. ഈ സംഭവം എന്നും ഓര്‍ക്കാനുള്ള ഒരു സ്കൂളനുഭവമായി മാറിയിരിക്കുന്നു. 

No comments:

Post a Comment