Wednesday, January 19, 2011

ഇരുട്ട്-വിജയശാന്തി.കെ.വി.

ഇരുട്ട്
വിജയശാന്തി.കെ.വി.സമയം അഞ്ചിനോടടുത്തതേയുള്ളൂ. പക്ഷേ കാവിന്റെ അടുത്ത് നല്ല ഇരുട്ടുണ്ട്. ഇന്ന് സ്കൂളില്‍നിന്ന് നടക്കാന്‍തുടങ്ങുമ്പോള്‍തന്നെ ഒന്ന് നിശ്ചയിച്ചതാണ്. പോകുന്ന വഴിക്കുള്ളകാവില്‍ സെക്കോയ മരമുണ്ടോ എന്നു നോക്കണം.അതിനൊത്തിരി പൊക്കമുണ്ടെന്ന് ടീച്ചര്‍ പറഞ്ഞിട്ടുണ്ട്. ഞങ്ങള്‍ അഞ്ചുപേരുണ്ട്. എല്ലാവരുടേയും വീടുകള്‍ തമ്മില്‍ ഓരോ പറമ്പിന്റെ വ്യത്യാസമേയുള്ളൂ. കാവിന്റെ അകത്തേക്ക് കടക്കുന്നിടത്ത് എത്തിയപ്പോള്‍ ഞാന്‍ പെട്ടെന്നു നിന്നു. പുറകില്‍ നടക്കുന്ന ആതിരയെ വിളിച്ചു. ചാമ്പങ്ങയുള്ളവീട്ടിലെ അമ്മൂമ്മ കാണുന്നുണ്ടോ എന്നു നോക്കണം. ഞാന്‍ മെല്ലെ പറഞ്ഞു. വീണ ചാമ്പങ്ങ പെറുക്കുന്നതിനുപോലും വഴക്കുപറയുന്ന കൂട്ടത്തിലാണ്. വഴക്കുപറയുന്നതു കാര്യമല്ലെന്നുവയ്ക്കാം. പക്ഷേ, കാര്യം വീട്ടിലറിയും. ഇന്നുരാവിലെകൂടി അച്ഛന്‍ ശട്ടംകെട്ടിയതാണ്. ആ കാവിന്റെ ഭാഗത്തേക്കൊന്നും പോകരുത്. അതെന്താ അങ്ങനെ?. ആരും അങ്ങോട്ടു പോകാറില്ല എന്നതുശരിതന്നെ. പക്ഷേ, ഒരിക്കല്‍ പോയിനൊക്കിയാലല്ലേ എന്തു സംഭവിക്കുമെന്നു പറയാന്‍ പറ്റൂ. ഈ ന്യായങ്ങളെല്ലാം മനസ്സിലുണ്ടെങ്കിലും അച്ഛനോട് ഒന്നും പറയാന്‍ ധൈര്യം വന്നില്ല. വഴിയില്‍ നിന്ന് നോക്കിയാല്‍ കാവിന്റെയുള്ളിലേക്ക് കാണാന്‍ പറ്റില്ല. മുന്നില്‍ ഒരു നിരയിലായി ആറേഴു തടിച്ച മരങ്ങളുണ്ട്. കാലനക്കമില്ലാതെ ഒരുമരത്തിന്റെ  അരികിലൂടെ ഉള്ളിലേക്കു കടന്നു. അതിനുള്ളിലേക്ക് വെളിച്ചം തീരെ കടക്കുന്നില്ല. മാറാല പിടിച്ചതുപോലെ നിറയെ വള്ളികളാണ്. ഒരുവിധം അതിനുള്ളിലൂടെ തല ഉള്ളിലേക്കിടുമ്പോള്‍ പിറകില്‍ നിന്ന് ആതിരയുടെ ഉച്ചത്തിലുള്ള കരച്ചില്‍ കേട്ടു. ഞാനോടിച്ചെന്നു. അവളാകെ പേടിച്ചു വിറക്കുകയാണ്. കരച്ചിലിനിടയില്‍ വിക്കി വിക്കി അവള്‍ പറഞ്ഞു. പാമ്പ്, പാമ്പ്. അടുത്ത നിമിഷം ഞാന്‍ നിന്നിടത്തുനിന്ന് ഒരു കാല്‍പിന്നോട്ടു വച്ചു. പെട്ടെന്ന് ഉള്ളില്‍ ഒരു ഞെട്ടലുണ്ടായി. കാര്യം സത്യമാണ്. ആ പാമ്പ് അടുത്തനിമിഷം എന്റെ നേര്‍ക്കുവരും. പിന്നെ ഞാന്‍ ഒന്നുമാലോചിച്ചില്ല. അവരെ നാലുപേരെയും വിളിച്ചുകൊണ്ട് ഒറ്റ ഓട്ടമായിരുന്നു. സമയം ഏറെ വൈകി. ഇപ്പോള്‍ അമ്മ അന്വേഷിച്ചുവരും. കഷ്ടിച്ച് അടുത്ത പറമ്പ് കടന്നതേയുള്ളൂ. അമ്മ വരുന്നത് ദൂരെ നിന്നു കണ്ടു.
മഴപെയ്യാന്‍ തുടങ്ങി. ഇന്നലെ വാവായിരുന്നെന്ന് ആതിരയുടെ വല്യമ്മ പറഞ്ഞുകേട്ടിരുന്നു. അതുകൊണ്ട് ഇന്ന് മഴ കനക്കും. കാറ്റുവീശാന്‍ തുടങ്ങി. ഇലകളെല്ലാം പാറിക്കളിക്കുന്നതുകണ്ടപ്പോള്‍ എനിക്കു വല്ലാതെ പേടിയായി. അമ്മയുടെ അടുത്തേക്ക് പെട്ടെന്ന് നടന്നു. അമ്മയുടെ കയ്യില്‍ ബാഗും കുടയും കൊടുത്ത് നടത്തത്തിനു വേഗം കൂട്ടി. വൈകിയതിനുള്ള ശകാരമെല്ലാം മഴക്കോളിനിടയില്‍ കേട്ടില്ലെന്നു നടിച്ചു. റബ്ബര്‍തോട്ടം കഴിഞ്ഞ് ആളൊഴിഞ്ഞ വീട്ടിന്റെ അടുത്തെത്തിയപ്പോള്‍ ഏട്ടനോടിവരുന്നതുകണ്ടു. വന്ന പാടെ പറഞ്ഞു. അമ്മേ, കുഞ്ഞിനെയും കൂട്ടി എങ്ങോട്ടാ പോകുന്നത്?ആട വീടൊന്നൂല്ല. എല്ലാം കാറ്റില്‍ പാറിപ്പോയി. അമ്മയിപ്പോള്‍ വീഴുമെന്ന് എനിക്കുതോന്നി. അമ്മ അത്രയും വിഷമിച്ചിരിക്കുന്നത് ഞാനതുവരെ കണ്ടിട്ടില്ല. ഞങ്ങളെല്ലാവരും ഓടി വീട്ടിലെത്തിയപ്പോള്‍ അച്ഛന്‍ എന്നെ അടുത്ത വീട്ടിലേക്കു പറഞ്ഞയച്ചു. മേല്ക്കൂരയെല്ലാം നനഞ്ഞ് പൊട്ടിപ്പോകാറായ ചോര്‍ന്നൊലിക്കുന്ന എന്റെ വീട് നോക്കി ഞാന്‍ കണ്ണുനീര്‍ വാര്‍ത്തു.

No comments:

Post a Comment