Wednesday, October 27, 2010

പുനര്‍മുകുളനം-വിദ്യാര്‍ത്ഥികളുടെ അനുഭവങ്ങള്‍ -ഗോകുല്‍ കെ,വിനീത് ജെയിംസ്

ആമുഖം

    ഒരു മനുഷ്യായുസ്സിലെ ഏറ്റവും അവിസ്മരണീയമായ കാലം ബാല്യമാണ്. തുമ്പികളുടെയും ശലഭങ്ങളുടെയും പിറകെയോടുന്ന ലീലകളുടെയും കൌതുകങ്ങളുടെയും  കാലം. ജീവിതസായാഹ്നങ്ങളില്‍ താലോലിക്കുവാന്‍ ഒരുപിടി ഓര്‍മ്മകള്‍ അതു നമുക്കു  നല്കുന്നു. നരവ്യക്തിത്വം പരുവപ്പെടുന്ന ഈ കാലത്തിലെ അനുഭവങ്ങള്‍ മനസ്സിന്റെ അടിത്തട്ടില്‍ ഒരിക്കലും മായാത്ത ഏടുകള്‍ വിരചിക്കുമെന്ന് ശാസ്ത്രം പോലും പറയുന്നു. നാളെ നാം എന്താവണമെന്ന് ആ അനുഭവങ്ങള്‍ക്ക് തീരുമാനിക്കാന്‍ കഴിയും. ബാല്യത്തോട് വിടപറയുന്ന ഈ ഘട്ടത്തില്‍ ആ കാലം തന്ന കയ്പും മധുരവും നാം ഇഴപിരിച്ചു പരിശോധിക്കുകയാണിവിടെ. ഓരോ വിദ്യാര്‍ത്ഥിക്കും ബാല്യം സമ്മാനിച്ചതെന്ത്  എന്നതിന്റെ നേര്‍ക്കാഴ്ച നല്‍കാന്‍ ഈ തിരിഞ്ഞുനോട്ടം ഉപകരിക്കുമെന്ന് വിശ്വസിക്കുന്നു.
  
      മോങ്ങാനിരുന്ന പട്ടിയും താഴേക്കു പതിച്ച തേങ്ങയും
         ഗോകുല്‍.കെ,പ്ലസ് വണ്‍ സയന്‍സ്

     തെയ്യത്തിനും തിറക്കും പേരുകേട്ടനാടാണ് ഉത്തരമലബാര്‍.ഈ മലബാറിലെ അത്യപൂര്‍വവും കൌതുകകരവും ഒപ്പം സാഹസികവുമായ തെയ്യക്കോലമാണ് കാരഗുളികന്‍. നമ്മുടെ അടുത്ത നാടായ വലിയപൊയിലില്‍ ഇന്നും മുടക്കം കൂടാതെ ഈ തെയ്യം കെട്ടിയാടിക്കപ്പെടുന്നു.
    വലിയപൊയിലിന് അടുത്ത പ്രദേശമായ ഒയോളമായിരുന്നു എന്റെ അമ്മയുടെ ജന്മദേശം. അവിടെ നിന്ന് വര്‍ഷം തോറും ഞങ്ങള്‍ തെയ്യം കാണാന്‍ പോകുമായിരുന്നു.  അന്നെനിക്ക് നാലോ അഞ്ചോ വയസ്സ് പ്രായം. ആ വര്‍ഷവും പതിവുപോലെ ഞങ്ങള്‍ തെയ്യത്തിനായി പുറപ്പെട്ടു. നമ്മുടെ ചില ബന്ധുക്കളും അടുത്ത വീട്ടിലെ   ജിത്തുവേട്ടനും എല്ലാവരും ഒന്നിച്ചാ ണ് യാത്ര.നീണ്ട് മെലിഞ്ഞ് ഇരുനിറത്തിലുള്ള ജിത്തുവേട്ടന്റെ മുഖം ഇന്നും എന്റെ മനസ്സില്‍ മായാതെ കിടപ്പുണ്ട്. തെയ്യവും ഉച്ചഭക്ഷണവുംകഴിഞ്ഞ് കുറി വാങ്ങി അനുഗ്രഹം നേടി ഞങ്ങള്‍ ഉച്ചതിരിഞ്ഞനേരം വീട്ടിലേക്കു തിരിച്ചു. ടി.വി യിലെ കാര്‍ട്ടൂണും സിനിമകളും സ്വപ്നം കണ്ട് ഞാനും ഏട്ടനും ജിത്തുവേട്ടനും വേഗത്തില്‍ നടന്നു. വയലേലകളാലും കിളികളാലും സമൃദ്ധമായ ഒയോളത്തെ  കൊയ്ത്തുകഴിഞ്ഞ്  ഉണങ്ങിയ പാടത്തെത്തിയപ്പോള്‍  ജിത്തുവേട്ടന്‍ പറഞ്ഞു. ദാ, നോക്ക്, ആ തലപോയ കമുകിന്റെ പൊത്തില്‍  ഒരു ഓളിയുടെ കൂടുണ്ട്. തത്ത വര്‍ഗ്ഗത്തില്‍പ്പെടുന്ന ഓളി  അന്ന് നാട്ടിന്‍പുറങ്ങളില്‍ സുലഭമായിരുന്നു. കൂടുണ്ടെങ്കില്‍ അതില്‍ കുഞ്ഞുമുണ്ടാകുമെന്ന് കൂട്ടത്തില്‍ മൂത്തവനായ ജിത്തുവേട്ടന്‍ പറഞ്ഞു.  മൂത്തവരുടെ വാക്ക് ചിലപ്പോഴെങ്കിലും മധുരിക്കാതെ കയ്ച്ചുകൊണ്ടേയിരിക്കുമെന്ന് ഞാന്‍ അന്നറിഞ്ഞു. പൂതലായ കമുക് തള്ളിയിടുന്ന ചുമതല കൂട്ടത്തില്‍ മൂത്തവനായ ജിത്തുവേട്ടന്‍ ഏറ്റെടുത്തു. ആയതിനാല്‍ ഞാനും ഏട്ടനും ഓടാനാരംഭിച്ചു.
    എന്നെക്കാള്‍ രണ്ട് ഓണം അധികം ഉണ്ടതിന്റെ ലോകപരിചയംവെച്ച് ഏട്ടന്‍ വേഗത്തിലോടി. പക്ഷേ രണ്ടല്ല, രണ്ടായിരം ഓണം ഉണ്ടാലും പഠിക്കാത്ത ഞാന്‍ അഞ്ചടിവെച്ചപ്പോള്‍ത്തന്നെ നിന്നു. തല ചൊറിയുന്നു. പേന്‍ പൂത്ത തലയാണ്. ചൊറിച്ചില്‍ സാധാരണമാണ്. അതിനാല്‍തന്നെ ഞാന്‍ തലങ്ങും വിലങ്ങും ചൊറിഞ്ഞു. ചൊറിയലിലെ ശ്രദ്ധകൊണ്ട് എന്റെ ഏട്ടന്റെ നിര്‍ദ്ദേശങ്ങള്‍ എന്റെ കര്‍ണ്ണങ്ങള്‍ക്ക് ഗ്രഹിക്കാനായില്ല. ഒരു നിമിഷം. അത് സംഭവിച്ചു.അറിയാത്ത പിള്ള ചൊറിയുമ്പോളറിയും എന്ന പഴഞ്ചൊല്ല് എന്നെ സംബന്ധിച്ചിടത്തോളം  അര്‍ത്ഥവത്തായി. കണ്ണും മൂക്കുമില്ലാതെ പതിച്ച ആ കമുക് എന്റെ തലയില്‍ത്തന്നെ ആദ്യവിശ്രമസ്ഥാനം കണ്ടെത്തി. എന്റെ കഴിവുകൊണ്ടോ ആ കമുകിന്റെ കഴിവുകേടുകൊണ്ടോ  എന്നറിയില്ല  അത് രണ്ട് കഷണങ്ങളായി തറയില്‍ പതിച്ചു. എന്റെ തലയ്ക്കുചുറ്റും ആയിരക്കണക്കിന് നക്ഷത്രങ്ങള്‍ ഒഴുകി നടന്നു. ആ നക്ഷത്രങ്ങള്‍ക്കുപോലും എന്നെ സമാധാനിപ്പിക്കാനായില്ല. ആരു കേട്ടാലും കുറ്റം പറയാത്ത ഒരു നല്ല കരച്ചില്‍ ഞാന്‍ ആരംഭിച്ചു. ദൂരെ നിന്ന് അമ്മ വരുന്നതുകണ്ടപ്പോള്‍ കരച്ചില്‍ ചെറിയൊരു അലര്‍ച്ചയായോ എന്നൊരു സംശയം. അമ്മ ആകെ തരിച്ചുപോയി.  പക്ഷേ ഏറെ മനോധൈര്യമുള്ള എന്റെ ഇളയമ്മ എന്നെ വാരിയെടുത്ത് വീട്ടിലെത്തിച്ചു.നനച്ച തുണിയെടുത്ത് തലയ്ക്കുപിടിച്ചു. എന്റെ കരച്ചില്‍കേട്ടിട്ടും ആര്‍ക്കും ​എന്നെ സമാധാനിപ്പിക്കാന്‍ തോന്നിയില്ല. എങ്ങും ചീത്ത പറച്ചിലുകള്‍. പക്ഷേ കരച്ചിലിന്റെ ഫ്രീക്വന്‍സി ഞാന്‍ വര്‍ദ്ധിപ്പിച്ചപ്പോള്‍ വന്ന ചീത്തകള്‍ ചീത്തകളായിത്തന്നെ അവശേഷിച്ചു. അപ്പോഴേക്കും ഏട്ടനും ജിത്തുവേട്ടനും സന്തോഷത്തോടെ ഓടിവന്നു. ഓളിക്കുഞ്ഞിനെക്കിട്ടിയിരിക്കുന്നു. അതിനെ ഒരുനോക്കുകാണാന്‍ ഞാന്‍ കുതറിയെഴുനേല്ക്കാന്‍ ശ്രമിച്ചു. പക്ഷേ ഞാന്‍ വേദനകൊണ്ട് പുളയുകയാണെന്ന് ധരിച്ച ഇളയമ്മ പിടിയുടെ ശക്തി മുറുക്കിയതെയുള്ളു. പക്ഷേ അപ്പോഴേക്കും അച്ഛച്ഛന്റെയും അമ്മമ്മയുടെയും ശകാരം നിമിത്തം ഏട്ടന്‍ ആ പക്ഷിക്കുഞ്ഞിനെ കൊണ്ടുകളഞ്ഞിരുന്നു.
    എസ്കേപ് ടു വിക്ടറി 
  വിനീത് ജെയിംസ്. പ്ലസ് വണ്‍ സയന്‍സ്

     പതിനാറ് വര്‍ഷങ്ങള്‍ ജീവിതസരിത്തിന്റെ തീരത്ത് പിന്നിടുമ്പോള്‍ കൈക്കുമ്പിളില്‍ നിറയുന്നത് നനുത്ത ഒരുപിടി അനുഭവങ്ങളാണ്. താരകപ്പൂക്കളെപ്പോലെ അവ മന്ദഹാസം പൊഴിക്കുന്നു. ഒന്നോര്‍ത്താല്‍ അവിശ്വസനീയത എന്ന യാഥാര്‍ത്ഥ്യമാണ് ജീവിതത്തെ വിസ്മരിക്കാനാവാത്തവിധം ചേതോഹരമാക്കുന്നത്. നിനച്ചിരിക്കാത്ത സന്തോഷങ്ങളിലേക്കും സങ്കടങ്ങളിലേക്കും അതെന്നെ നയിച്ചിട്ടുണ്ട്. അത്തരം സംഭവങ്ങളാണ് നമ്മുടെ സ്മരണകള്‍ക്ക് അലങ്കാരങ്ങളാകുന്നത്.
പുതിയ അനുഭവങ്ങളുടെ ഭാണ്ഡം, പുതുമകള്‍ തിരയുന്ന വായനക്കാര്‍ക്കായി തുറന്നുവയ്ക്കുമ്പോള്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന സംഭവം അരങ്ങേറിയത് ഏതാനും മാസങ്ങള്‍ക്കുമുമ്പാണ്. കേരളാസ്റ്റേറ്റ് നെറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍! മധ്യവേനല്‍ കസര്‍ക്കുമ്പോള്‍ വീടിന്റെ ചുവരുകള്‍ മറയാക്കിയ നാളുകളിലൊന്നിലാണ്, സെന്‍സസ് ഡ്യൂട്ടിയുടെ  ഭാരം പേറുന്ന സഞ്ചിയുമായി തിരുമേനി ജി.എച്ച്.എസ്സിലെ കായികാദ്ധ്യാപകന്‍ ശ്രീ. സുനീഷ് മാസ്റ്ററെ കാണാനിടയായത്.  ബാസ്ക്കറ്റ് ബോളിന്റെ ആധുനികവത്കൃത രൂപമായ നെറ്റ്ബോളിന്റെ കോച്ചിംഗ് ക്യാമ്പിലേക്ക് അദ്ദേഹം ക്ഷണിച്ചപ്പോള്‍ മറ്റൊന്നും ചിന്തിച്ചില്ല. 
പ്രാക്ടീസ് തുടങ്ങി.... എല്ലാവരും സുഹൃത്തുക്കള്‍. ഒരു പുതിയ കായികയിനം സ്വായത്തമാക്കാനായതില്‍ കൃതാര്‍ത്ഥരായിരുന്നു ഞങ്ങളെല്ലാം. ഒടുവില്‍ മെയ്മാസത്തിലെ പ്രഥമവാരത്തിലാണ് സ്റ്റേറ്റ് ചാമ്പ്യന്‍ഷിപ്പിന് കണ്ണൂര്‍ ടീമിനെ പ്രതിനിധീകരിച്ച് ഞങ്ങള്‍ യാത്രപുറപ്പെടുന്നത്. സുനീഷ് മാസ്റ്ററിനെ നേരത്തെ തന്നെ കേരളാ ടീം കോച്ചായി തിരഞ്ഞെടുത്തത് ഞങ്ങളില്‍ ആത്മവിശ്വാസമുണര്‍ത്തി.അദ്ദേഹത്തിന്റെ ദീര്‍ഘദര്‍ശനങ്ങളുടെയും ഉപദേശങ്ങളുടെയും  നനഞ്ഞമണ്ണില്‍ നിന്ന് ഏറെ വളര്‍ച്ചപ്രാപിച്ച ഒരു ടീമായിരുന്നു ഞങ്ങളുടേത്.ഗോള്‍ ഡിഫന്ററായി അപ്പു. സെന്റര്‍ പ്ലെയറായി വിവേക് ,ഷൂട്ടറായി ഉയരക്കാരന്‍ ജിബിന്‍...പിന്നെ വിങ് അറ്റാക്കര്‍ പൊസിഷനില്‍ ഞാനും.!തിരുമേനിയില്‍നിന്ന് കിലോമീറ്ററുകള്‍ മാത്രം അകലെയുള്ള കാസര്‍കോട് ടീമിലും സുഹൃത്തുക്കള്‍ ഏറെയുണ്ട്. 
ശ്രീപദ്മനാഭന്റെ മണ്ണിലേക്കുള്ള യാത്ര തന്നെ ഏറെ ഐതിഹാസികമായിരുന്നു.ജനറല്‍കമ്പാര്‍ട്ട്മെന്റിന്റെ ഭീകരത നിശയെ കൂടുതല്‍ കറുപ്പിച്ചിരുന്നു. വണ്ടിക്കുളളില്‍ കാലുകുത്താന്‍ സ്ഥലമില്ല. ലഗ്ഗേജ് കാരിയര്‍ബര്‍ത്തിനു മുകളില്‍ ഒരു താല്ക്കാലിക ഇരിപ്പിടം കണ്ടെത്തിയെങ്കിലും ഒന്നു നടുനിവര്‍ക്കാന്‍ കൊതിച്ചുപോയി. 
ഉറക്കം കണ്ടെത്താനാകാത്ത ആ രാത്രി ചരിത്രമായപ്പോള്‍ ഞങ്ങള്‍ തലസ്ഥാനനഗരിയുടെ മണ്ണിലായിരുന്നു. ആദ്യമായാണ് അവിടെ ചെല്ലുന്നത്. വീരമാര്‍ത്താണ്ഡവര്‍മ്മയുടെ ചിത്രം മനസ്സിലെത്തി. 
ആദ്യ ദിവസത്തെ മാച്ചില്‍ കോട്ടയം ടീമിനെ തോല്പിച്ച് ഞങ്ങള്‍ സെമിയിലേക്ക് ഉറപ്പാക്കി. പ്രതീക്ഷകളെയെല്ലാം അര്‍ത്ഥപൂര്‍ണ്ണമാക്കുന്ന പ്രകടനം.എന്നാല്‍, പുതിയ കോര്‍ട്ടിന്റെയും സാഹചര്യങ്ങളുടെയും സ്വാധീനത്താല്‍ ആര്‍ക്കും തന്നെ മികച്ച വ്യക്തിഗതപ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ല. ഇതൊരുവസ്തുതയായിരുന്നുവെങ്കിലും മികച്ച ടീം കോമ്പിനേഷന്‍ ഗെയിമിന്റെ പിന്‍ബലത്തിലാണ് ഞങ്ങള്‍ വിജയത്തിന്റെ മധുരം ആസ്വദിച്ചത്. 
പിറ്റേന്ന് കോഴിക്കോട് ടീമുമായായിരുന്നു കളി... ശക്തരായ കളിക്കാര്‍. കരുത്തുറ്റ തന്ത്രങ്ങള്‍...തലേദിവസത്തെ മത്സരഫലം തന്നെ അവരുടെ വരവറിയിക്കും വിധമായിരുന്നു. 
വിങ് അറ്റാക്കറുടെ ജഴ്സിയണിഞ്ഞ് ഗ്രൌണ്ടിലിറങ്ങിയപ്പോള്‍ ഞാന്‍ ആളാകെ മാറിയതുപോലെ തോന്നി. നടുവേദന ഒരു വില്ലനായതിനാല്‍ വേദനസംഹാരികളുടെ ബലത്തിലാണ് ഞാന്‍ ഗ്രൌണ്ടിലിറങ്ങിയത്. പതിയെ എന്നെ ഡിഫന്റ് ചെയ്യേണ്ട വിങ് ഡിഫന്ററെ സമീപിച്ചു സൌഹൃദം സ്ഥാപിച്ചു.കളി വളരെ എളുപ്പമായിരുന്നു. ഞാന്‍ പരമാവധി ആക്രമിച്ചുതന്നെ കളിച്ചു. ഹാഫ് ടൈമില്‍ ഏറെ സബ്സ്റ്റിറ്റ്യൂഷനുകള്‍ നടന്നു.എങ്കിലും എനിക്കു മുഴുവന്‍ സമയവും കളിക്കാന്‍ കഴിഞ്ഞു. അതു തന്നെ വലിയ സന്തോഷമായാണ് ഞാന്‍ കരുതിയത്. ഒടുവില്‍ 22-2 എന്ന വമ്പന്‍ സ്കോറിന് അവരുടെ വിജയപ്രതീക്ഷകള്‍ ഞങ്ങള്‍ തച്ചുടച്ചു. 
കളി കഴിഞ്ഞപ്പോള്‍വിശ്വസിക്കാനായില്ല. ഇതാ ഞങ്ങള്‍ ഫൈനലില്‍. എല്ലാവരും മികച്ച പ്രകടനം കാഴ്ചവച്ചത് ഫൈനലില്‍ വ്യത്യസ്ത തന്ത്രങ്ങള്‍ മെനയാന്‍ സഹായകമായി. 
ഉച്ചയ്ക്കുശേഷമായിരുന്നു ഫൈനല്‍. ഞാന്‍ മുഖമുയര്‍ത്തി. നല്ല കാലാവസ്ഥ. ഫൈനലിനു വേണ്ടിയുള്ള കാത്തിരിപ്പ് ജിജ്ഞാസാജനകമായ ഒന്നായിരുന്നു. മനസ്സില്‍ പ്രതീക്ഷകള്‍ മാളികപണിയുന്നു. അപ്പുവും സാമും വിവേകുമൊക്കെ പ്രാക്ടീസ് ചെയ്യുന്നുണ്ടായിരുന്നു. എങ്കിലും ഞാന്‍ ഇറങ്ങിയില്ല. പ്രശ്നം ശരീരവേദന തന്നെ. വേദനസംഹാരി ഗുളിക ഒന്നര അകത്തായി. 
സമയം മൂന്ന് മുപ്പത്. ഇതാ അന്തിമപോരാട്ടത്തിനായി ഞങ്ങള്‍ ഗ്രൌണ്ടിലേക്ക്. മൈതാനം തൊട്ട് വന്ദിച്ച് കണ്ണൂര്‍ ജില്ലാ ടീം ജഴ്സിയണിഞ്ഞ് നില്ക്കുമ്പോള്‍ ഞാന്‍ സ്വപ്നങ്ങള്‍ നെയ്യുകയായിരുന്നു.സുനീഷ് മാഷ് നല്കിയ ഉപദേശങ്ങള്‍ വളരെ വിലപ്പെട്ടതായിരുന്നു. പ്രാരംഭ വിസിലിനു മുമ്പ് കൂട്ടുകാര്‍ നിറഞ്ഞ പുഞ്ചിരികള്‍ കൈമാറി. പരസ്പര വിശ്വാസത്തിന്റെയും ഒത്തൊരുമയുടെയും നിറങ്ങളുള്ള ചിരി. എന്നാല്‍ വൈകാതെ തന്നെ അതിന്റെ കിരണങ്ങള്‍ അദൃശ്യമായി.കളി തുടങ്ങി രണ്ട് മിനിറ്റു കഴിയുമ്പോള്‍ ഞങ്ങള്‍ ഗ്രൌണ്ടില്‍ തരിച്ചു നില്ക്കുകയായിരുന്നു. മൂന്നു ഗോളുകളാണ് അവര്‍ ഞങ്ങള്‍ക്കെതിരെ അടിച്ചുകൂട്ടിയിരിക്കുന്നത്!. ഒന്നുപോലും തിരിച്ചടിക്കാന്‍ കഴിയാതെ ഞങ്ങള്‍ ഗ്രൌണ്ടില്‍ ഉഴറി നടന്നു. ഞാന്‍ അപ്പുവിനെ നോക്കി. അവന്‍ തല ചൊറിയുന്നു.  
പതിയെ ഞങ്ങളുടെ നീക്കങ്ങള്‍ക്ക് ചടുലത തിരിച്ചുകിട്ടി. ആ ഊര്‍ജത്തോടെ ഞങ്ങള്‍ തിരിച്ചടിച്ചപ്പോള്‍ ആലപ്പുഴ ടീമിന്റെ പ്രതിരോധം നുറുങ്ങിപ്പോകുന്ന കാഴ്ചയാണ് കാണാനായത്. ഞാനും അപ്പുവും സാമും വിവേകും പന്തുകള്‍ കൈമാറി. എന്നെ മാര്‍ക്കുചെയ്യേണ്ട വിങ് ഡിഫന്ററുടെ നീരാളിപ്പിടുത്തത്തില്‍നിന്ന് മോചിതനായി മുന്നേറിക്കളിക്കുകയാണ് എന്റെ ലക്ഷ്യം. അതിനായിത്തന്നെ ഞാന്‍ പരിശ്രമിക്കുകയും ചെയ്തു. ഞങ്ങളുടെ ടീം ഒരു യന്ത്രം പോലെ കാര്യമായി പ്രവര്‍ത്തിച്ചതിനു ഫലമുണ്ടായി. ഞങ്ങള്‍ തുടര്‍ച്ചയായി ബാസ്കറ്റ് ചെയ്തു. സ്കോര്‍ 5-3 . ഞങ്ങള്‍ക്കു ലീഡ്.!!
പുറത്തു കൂട്ടുകാരുടെ ആഘോഷം തകര്‍ക്കുന്നു. മുദ്രാവാക്യങ്ങളും പേരെടുത്തുള്ള ജയ് വിളികളും. എന്നാല്‍ അതിനിടയില്‍ നിന്ന് വേറിട്ടൊരു ശബ്ദം എന്റെ ചെവിയിലെത്തി. ഒരു നിമിഷം ഞാന്‍ അങ്ങോട്ടു നോക്കി. കേവലം രണ്ട് ഗോള്‍ മുന്‍തൂക്കത്തില്‍ നില്‍ക്കുമ്പോള്‍ ഗ്രൌണ്ടില്‍ കയറിനിന്ന് ആഹ്ലാദപ്രകടനം നടത്തിയ കാസര്‍കോട് ടീമിലെ ജിക്സണ്‍ തെക്കേമറ്റത്തിനെ സുനീഷ് മാഷ് വിരട്ടിപ്പായിക്കുന്നു. ഞാന്‍ നോക്കിയപ്പോഴേക്കും മാഷ് അവനെ നാണം കെടുത്തി ഒരു പരുവമാക്കിക്കഴിഞ്ഞു. ഈ ദൃശ്യം മനസ്സില്‍ ചിരിയുണര്‍ത്തിക്കടന്നുപോയി.
മനസ്സ് വീണ്ടും കളിയിലേക്കു തിരിച്ചുവന്നു. ലോബുകളിലൂടെയുള്ള പാസുകള്‍ തന്നെ ഞാന്‍ പ്രയോഗിക്കുകയും അറ്റാക്കേഴ്സിന്റെ കൈകളില്‍ അവ ഭദ്രമായെത്തുകയും ചെയ്തു. സ്കോര്‍ 12-6 
കളി തീരാന്‍ പോകുകയാണ്.കൂട്ടുകാരില്‍ നിന്നു സ്വീകരിച്ച പന്തുമായി ഞാന്‍ എതിര്‍പ്രതിരോധനിരയിലേക്ക് ഊളിയിടുകയും സ്കോര്‍ ചെയ്യുകയും ചെയ്തു. ഞങ്ങള്‍ക്ക് വ്യക്തമായ മുന്‍തൂക്കമുണ്ട്. മനസ്സ് പെരുമ്പറകൊട്ടുകയാണ്. ആനന്ദം തിരതല്ലുന്നു. ഞാന്‍ കളിതീരാന്‍ കാത്തുനിന്നു. റഫറിയുടെ വിസില്‍ മുഴങ്ങിയതും ഞങ്ങള്‍ ഗ്രൌണ്ടിനു പുറത്തേക്കോടി. ഞങ്ങളെ അഭിനന്ദിക്കാന്‍ കൂട്ടുകാര്‍ ഗ്രൌണ്ടിലേക്ക്. അവര്‍ ഞങ്ങളെ പൊതിഞ്ഞു. അവിശ്വസനീയം. ഞങ്ങള്‍ ചാമ്പ്യന്‍മാര്‍. ഗ്രൌണ്ടില്‍ കണ്ണൂര്‍ ടീമിന്റെ ആനന്ദനൃത്തം തകര്‍ക്കുമ്പോള്‍ മൈതാനത്തിന്റെ മൂലയില്‍ എല്ലാം തകര്‍ന്നിരുന്ന ആലപ്പുഴ ടീമിനെയും ഞാന്‍ കണ്ടു. ആരും കാണാത്ത കണ്ണുനീര്‍ത്തുള്ളികള്‍. ജയ് വിളികളിലും ആഘോഷങ്ങളിലും എന്റെ മനസ്സ് അലിഞ്ഞുചേര്‍ന്നു.
ഒടുവില്‍കപ്പ് നല്കേണ്ട നിമിഷം ആഗതമായി. സ്റ്റേറ്റ് ടീമില്‍ സെലക്ഷന്‍ കിട്ടിയവരുടെ പേരുവായിക്കലായിരുന്നു പ്രഥമ പരിപാടി. ഗൌരവക്കാരനായ മാച്ച് ഒഫീഷ്യല്‍ നീണ്ട ഒരു ലിസ്റ്റ് കയ്യിലേന്തി, കണ്ണടയുടെ മറയ്ക്കുള്ളിലൂടെ സദസ്സിലേക്ക് ഒരു നോട്ടമയച്ചു. ഞങ്ങളുടെ ടീമിലെ ഉയരക്കാരായ ഡിഫന്ററിനും ഗോള്‍ അറ്റാക്കറിനും സെലക്ഷന്‍ കിട്ടുമെന്ന പ്രതീക്ഷ എനിക്കുണ്ടായിരുന്നു.ഹിമാചല്‍പ്രദേശില്‍ നടക്കുന്ന  നാഷനല്‍ ചമ്പ്യന്‍ഷിപ്പില്‍ കേരള ടീമിനെ പ്രതിനിധീകരിക്കാന്‍ അവര്‍ക്ക് അവസരം ലഭിക്കും. 
ഒഫീഷ്യല്‍ വായനയാരംഭിച്ചു.
ജി.ഡി. കണ്ണൂര്‍ ടീം, സെന്റര്‍പ്ലെയര്‍ - കണ്ണൂര്‍ ടീം... ഒരു നിമിഷത്തെ നിശ്ശബ്ദത. ജിജ്ഞാസയോടെ ഏവരും കാതുകൂര്‍പ്പിച്ചു. 
വിങ് അറ്റാക്കര്‍ - കണ്ണൂര്‍...
കുറച്ചുനേരത്തേക്ക് പരിസരബോധം നഷ്ടപ്പെട്ടതുപോലെ ഒരവസ്ഥ... കൂട്ടുകാര്‍ ആരവങ്ങളുതിര്‍ക്കുന്നു. ഞാന്‍ പതിയെ ജഴ്സിയിലേക്ക് നോട്ടമയച്ചു. WA എന്നാലേഖനം ചെയ്ത ഷര്‍ട്ടില്‍ നോക്കി ഞാന്‍ തരിച്ചുനിന്നു. ശരീരത്തിലൂടെ ഒരു വിദ്യുത് പ്രവാഹം കടന്നുപോകുന്നതുപോലെ. ഹോ, ഞാന്‍ കേരളാ ടീമിലേക്ക്. .. ഞാന്‍ വിവേകിനും മറ്റ് സുഹൃത്തുക്കള്‍ക്കുമൊപ്പം കേരള നെറ്റ് ബോള്‍ ടീമംഗങ്ങളുടെ നിരയിലേക്ക് നടന്നു... 
ആ ഒരു നിമിഷം എന്റെ മനസ്സിന്റെ ജാലകച്ചീളുകള്‍ക്കിപ്പുറം എന്നുമുണ്ടാകും. അനുഭവങ്ങളുടെ തീവ്രതയിലാണ് ഈ നിമിഷം ഇത്രയധികം ചേതോഹരമാക്കപ്പെട്ടിരിക്കുന്നതും അത് എന്റെ സ്മരണകളെ നിറം പിടിപ്പിക്കുന്നതും. 
ജീവിതം പലപ്പോഴും ഇങ്ങനെയാണ്. അപ്രതീക്ഷിതമായി വീണുകിട്ടുന്ന, മാധുര്യമേറിയ പുതിയ അനുഭവമാണ് കാലപ്രവാഹത്തോട് ചേര്‍ന്നുള്ള ജീവിതയാത്രയില്‍ നമ്മെ മുന്നോട്ടു നയിക്കുന്ന ഉത്തേജനങ്ങളായി ഭവിക്കുന്നത്.

No comments:

Post a Comment