സാമ്രാജ്യത്വം
ബാഹുല്‍. ആര്‍. പ്ലസ് ടു സയന്‍സ്
ശാന്തമായ ഉച്ചമയക്കത്തിന് കാക്കകള്‍ തടസ്സമായെന്ന് മനസ്സിലാക്കിയപ്പോള്‍ ഞാന്‍ മുറ്റത്തേക്കിറങ്ങി. മുന്നിലെ ഒട്ടുമാവിന്റെ ചില്ലകളിലേക്കു നോട്ടമയച്ചു. അവറ്റകളുടെ എണ്ണം പെരുകിയിരിക്കുന്നു.
നാശങ്ങള്‍!
മുറ്റത്തുണ്ടായിരുന്ന ഒരു ഉരുളന്‍കല്ലിനെ ഞാന്‍ മാവിന്‍കൊമ്പിലേക്കയച്ചു. കാക്കകള്‍ ചിറകിട്ടടിച്ചു പറന്നുയര്‍ന്നു. ചെറുതെങ്കിലും ആശ്വാസകരമായ സംതൃപ്തിയോടെ ഞാന്‍ അകത്തേക്കു കയറി. മുറിയുടെ ജനാലക്കരികിലെ മേശക്കുസമീപം ചെന്നിരുന്നു. ഈയാഴ്ചതന്നെ കഥ തയ്യാറാക്കി വാരികയില്‍ ഏല്പിച്ചാല്‍ നൂറുരൂപ കിട്ടും. കടലാസും പേനയും ഒരുങ്ങിയിരിക്കുകയാണ്. പക്ഷേ, ഒരു വിഷയത്തിനുവേണ്ടി ആഴ്ചകളായി തിരഞ്ഞുകൊണ്ടിരിക്കുകയാണ് ഞാന്‍. ദാരിദ്ര്യം അസഹനീയമായതോടെ തൊഴില്‍രഹിതനായ ഭര്‍ത്താവുമായിപ്പിണങ്ങി സുഭദ്ര പോയതുകൊണ്ട് ഒരു എഴുത്തുകാരനുവേണ്ട ഏകാന്തത ഇപ്പോഴുണ്ട്. പക്ഷേ ഏകാഗ്രത ഒരു സ്വപ്നമായിത്തുടരുന്നു.
എന്റെ ജീവിതം തകര്‍ത്ത കാക്കകള്‍.
ആദ്യമൊക്കെ ഒന്നോ രണ്ടോ എണ്ണം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അടുക്കളപ്പുറത്തെ ഭക്ഷണം സുലഭമായപ്പോള്‍ എണ്ണം പെരുകിത്തുടങ്ങി.
കാക്കകള്‍ കാരണം ഗോപിയും മാധവനും ഇങ്ങോട്ടു വരാറേയില്ല. അതുകൊണ്ടുതന്നെ പുറം ലോകത്തു നടക്കുന്നതിനെക്കുറിച്ച് ഞാന്‍ അജ്ഞനാണ്. ആരോടെങ്കിലും സംസാരിച്ചിട്ടുതന്നെദിവസങ്ങളായി.
എല്ലാത്തിനും കാരണം ഈ നശിച്ച കാക്കകള്‍!!!
ഒരിക്കല്‍ ഉപജീവനമാര്‍ഗം എന്നനിലയ്ക്ക് ഞാന്‍ വാഴക്കൃഷി തുടങ്ങി. പക്ഷേ, വരുമാനമാകുന്നതിനു മുമ്പേ ഇവറ്റകള്‍ അതു നശിപ്പിച്ചു. സഹായത്തിനു വവ്വാലുകളുമെത്തി.
ഹും, എന്റെ ജീവിതം തകര്‍ത്ത കാക്കകള്‍.
ഇതു കൂടാതെ ഇറക്കുമതിയും. കിണറ്റിലെ വെള്ളം അവ മലിനമാക്കി.
എന്തൊരു ദ്രോഹം.
കാക്കകള്‍ ബഹളമയമാക്കുന്ന ചില സായാഹ്നങ്ങളില്‍ എന്റെ നാവില്‍ സരസ്വതി വിളയാടാറുണ്ട്.
ശബ്ദം അസഹനീയമായപ്പോള്‍ ഞാന്‍ ഒരിക്കല്‍ക്കൂടി മുറ്റത്തേക്കിറങ്ങി. ഞാന്‍ വിനീതനായി പറഞ്ഞു:
'യജമാനന്മാരേ, ഈയുള്ളവന്‍ പട്ടിണിയകറ്റാനുള്ള ശ്രമത്തിലാണ്. എന്നെ വെറുതെ വിട്ടുകൂടെ?'
ഞാന്‍കുറച്ചുനേരം ആ കോലാഹലങ്ങളുടെ നടുവില്‍ മുറ്റത്തെ കല്പടവിലിരുന്നു. പെട്ടെന്ന് വര്‍ദ്ധിച്ച സന്തോഷത്തോടെ ഞാന്‍ മുറിക്കകത്തേക്കോടി. പേനയെടുത്ത് കഥയുടെ പേര് ആദ്യം തന്നെ എഴുതിവച്ചു:
"സാമ്രാജ്യത്വം."
No comments:
Post a Comment