Sunday, October 31, 2010

അന്ത്യശൂന്യത------അനുശ്രീ.ആര്‍.നായര്‍ **പ്ലസ്സ് ടു സയന്‍സ്സ്

അന്ത്യശൂന്യത
                        അനുശ്രീ.ആര്‍.നായര്‍ *പ്ലസ്സ് ടു സയന്‍സ്സ്
വരണ്ട മിഴികളില്‍ യാതൊന്നുമില്ലിന്നു,
ചുണ്ടില്‍ മധുരമൂറും വാക്കില്ല.
ചെഞ്ചായക്കൂട്ടുകളില്‍
മെനഞ്ഞകിനാക്കളില്‍                                  
കരിയാതുണങ്ങാതവശേഷിപ്പൊ-
രാത്മാവുപോലുമില്ലാ...തേക...,ഞാന്‍!

നീറും മുറിവായി ഹൃത്തില്‍                        
കിനിയും ചോരയില്‍ , ചുവന്ന
ചിന്തകളിലലയും
പിടി തരാത്ത മനം.

മറക്കുവാനൊന്നുമില്ലെനിക്കു
മരിക്കാമെന്നാല്‍,
തിളങ്ങും മിഴികളിലിറ്റു
ജലബാഷ്പം,പൊഴിച്ചൊരര്‍ച്ചന
വിജനമാം ആറടിയില്‍
ശേഷിപ്പതില്ല,ചോറുണ്ണാന്‍
ബലിക്കാക്കകള്‍ പോലും...,
ഇന്നിതെത്ര ശൂന്യം...!

ഇന്നെനിക്കന്ധകാരമിവ...
ഉറങ്ങാതുണരാ രാത്രികള്‍
പുലരിയില്ലാ സന്ധ്യകള്‍
പാടാകമ്പിയറ്റ വീണകള്‍

ഉള്ളില്‍ ഉയിരെടുത്തുയര്‍ന്ന
ചുടലയിതെന്‍ ചിതാഭസ്മ-
പൊടികളുയരും കാറ്റില്‍
മോഹമില്ലാക്കനവുകളില്‍
അറ്റകാത്തിരിപ്പിന്റെ
അന്ത്യശൂന്യതയില്‍...
മരവിച്ചുറഞ്ഞ വികാരങ്ങള്‍
തിരയടിയ്ക്കാകടല്‍
പുകയും ...കെട്ട കനലുകള്‍...     
ശേഷിപ്പുകള്‍...!!

കരയുവാനില്ല  വേദന-
യൊടുങ്ങാ വിരഹകണ്ണീരും
ഒരോര്‍മക്കുറിപ്പു പോലും
എഴുതുവാനില്ലെനിക്കിന്നു ശൂന്യം

ഓര്‍ക്കുവാനൊരു തുണ്ടു
കീറക്കടലാസിലൊളിപ്പിച്ച
മയില്‍പ്പീലി കണ്ണുകളിമചിമ്മവേ
വാടിത്തുടങ്ങും പൂവിതള്‍ത്തുമ്പ-
ലലിയുന്നൂ ഞാനെന്നമൗനം...!


ഇവിടെ,ഇനിയുമൊരു
പുലരി പിറക്കരുത്..
വ്യാമോഹമരുത്...! നിന്‍
ചുവടുറപ്പിച്ച കാല്‍ച്ചിത്രങ്ങള്‍
പോലുമീ, പ്പൂഴിയില്‍........

ശേഷിപ്പതെന്നില്‍ നിരര്‍ത്ഥമീ
ചിതല്‍ തിന്ന ചിന്തയില്ലാ
ഏകാന്ത രാത്രികള്‍...
നീളും നിഴലുകള്‍..
കാണാക്കിനാവികള്‍...

ഓര്‍ക്കരുതെന്നെയൊരിക്കലും
ഞാന്‍..വെറുമൊരു നഷ്ടസ്വപ്നം.....!


Saturday, October 30, 2010

ആത്മനൊമ്പരം-----ജസ്ററിന്‍. എ ജെ. പ്ലസ്സ് ടു കൊമേഴ്സ്

         ആത്മനൊമ്പരം
        ജസ്ററിന്‍. എ ജെ.  പ്ലസ്സ്  ടു കൊമേഴ്സ്

ഞാന്‍ നടന്നകലുന്ന വഴിയില്‍
പതിയിരുന്നൊരു കൊച്ചു ശബ്ദമെന്‍
മനതാരിലൊരു കൊച്ചിടിവാളുപോലെ
ഹൃദയകാഠിന്യം കരിച്ചിടുന്നു...

ഇടയന്റെ മുന്നില്‍
പൊടിയുന്ന ഹൃദയം...

എല്ലാം കൊഴിഞ്ഞിട്ടും 
ഈ നല്ല രാത്രിയില്‍
ആത്മാവിനൊരു കൊച്ചു വേദന
തന്നോരോ നിമിഷവും 
കടന്നകന്നു...
എല്ലാം കഴിഞ്ഞല്ലോ
എല്ലാം കൊഴിഞ്‍ഞല്ലോ
ദൈവമേ,ആത്മാവുണര്‍ന്നൊരാ നിമിഷം
പതിയെയെന്‍കൂടെ നടന്നിടുന്നൂ...
എന്‍ കാല്പാട് പിന്നിട്ട വഴിയിലുടേ...
  
                                  -////////-

ഓട്ടോഗ്രാഫ് റീജ.കെ വി പ്ലസ്സ് ടു സയന്‍സ്സ്

ഓട്ടോഗ്രാഫ്

റീജ.കെ വി  പ്ലസ്സ് ടു സയന്‍സ്സ്
                 നിതാന്തമായ പകലുകള്‍ക്ക്
           നിഗൂഢതയുടെ ജാഗ്രത.
           കാലം കവിതകളാക്കിയ
           കല്‍ച്ചുവരുകളില്‍,
           നിറം മങ്ങിയ സ്വപ്നങ്ങളുടെ
           നിര്‍വികാരത.

                     കൊഴിഞ്ഞ
                     ഗുല്‍മോഹര്‍ ദലങ്ങളെ
                     തൊട്ടുണര്‍ത്തി,
                     ഏകാന്തതയുടെ
                     ദിവാസ്വപ്നങ്ങളാല്‍
                     വീര്‍പ്പുമുട്ടിയ ദലമര്‍മ്മരം,
                     മെല്ലെ മന്ത്രിക്കുന്നു,
                    'ഓര്‍ക്കുക വല്ലപ്പോഴും'

     നഷ്ടസ്വപ്നങ്ങളുടെ
     ഗന്ധവും പേറി
     പഴയകാററ് വീണ്ടുമെത്തുന്നു
    "ഓര്‍മകള്‍ മരിക്കുന്നില്ല".
                   ---------------------------------


ആനപ്പാറ - വിവേക് ജെയിംസ് പ്ലസ്സ് വണ്‍ സയന്‍സ്സ്

                   ആനപ്പാറ 
വിവേക് ജെയിംസ്  പ്ലസ്സ് വണ്‍ സയന്‍സ്സ്

        ആനപ്പാറ! പേരുകേള്‍ക്കുമ്പോള്‍തന്നെ അപാരമായ തലയെടുപ്പും പ്രൌഢിയും മനസ്സിലേക്കൊടിയെതുന്നു .അതേ,....ശരിക്കും ഒരാനയേക്കാളും വളരെ വലുതാണ് ആനപ്പാറ.അതിന്റെ കറുത്ത നിറം കൂടിയാവുമ്പോള്‍ അതിനെ അങ്ങനെ വിളിക്കാതെ തരമില്വ.വൃക്ഷലതാദികളുടെ ഇലച്ചാര്‍ത്തിനുള്ളില്‍ നിന്നും ഒളിഞ്ഞും തെളിഞ്ഞും പുറത്തേക്കു കണ്ണും നട്ടിരിക്കുന്ന ആ പാറയെ ആനപ്പാറയെന്നു വിളിച്ച കവിഭാവന ആരുടേതാണാവോ?
        ആനപ്പാറ സ്ഥിതി ചെയ്യുന്നത് എന്റെ വീടിനു ​ഏകദേശം അരക്കിലോമീറ്റര്‍ മുകളിലാണ്.എന്റെ വീടു മുതല്‍ അവിടംവരെയുള്ള ഭാഗം മുഴുവന്‍ കാടുപിടിച്ചു കിടക്കുകയാണ്. പലരും പറഞ്ഞുകേട്ട്  ആനപ്പാറ ഞങ്ങള്‍ കുട്ടികള്‍ക്ക് ഒരാവേശമായിരുന്നു.അതിസാഹസികങ്ഹളായ ഹോളിവുഡ് സിനിമകള്‍ ഒന്നൊഴിയാതെ കണ്ടും ടോം സോയര്‍,ഹക്കള്‍ബറിഫിന്‍ തുടങ്ങിയ നോവലുകള്‍ വായിച്ചും മനസ്സാകെ ഹരം കൊണ്ടു നില്ക്കുന്ന സമയം.മുന്നില്‍ വരുന്ന എന്തു പ്രതിബന്ധങ്ങളെയും ത്‌‌‌ൃണം പോലെ തട്ടിക്കളയാം എന്ന അബദ്ധധാരണയായിരുന്നു മനസ്സു നിറയെ.എന്തെങ്കിലും ഒരു സാഹസിക പ്രവ‌ര്‍ത്തി ചെയ്യാന്‍ മനസ്സു വെമ്പി.ഞങ്ങള്‍ ഒരുപാട് കാത്തിരുന്നു.ഞാന്‍ കണ്ട സിനിമകളിലെയും വായിച്ച പുസ്തകങ്ങളിലെയുമെന്ന പോലെ പ്രതിബന്ധങ്ങള്‍ എന്നെ തേടിവരാതെയായപ്പോള്‍ ,ഞാന്‍ തന്നെ പ്രതിസന്ധികള്‍ സ്‌ൃഷ്ടിക്കാനാരംഭിച്ചു.ആനപ്പാറക്കയറ്റം ഞാന്‍ അങ്ങനെ സൃഷ്ടിച്ച ഒരു പ്രതിസന്ധിയായിരുന്നു.
ഞങ്ങളും ഞങ്ങളുടെ ഷിന്റോ എന്ന ഒരു സുഹൃത്തും തമ്മിലുള്ള  ഒരു പന്തയമാണ് എന്റെ പ്രഥമ ആനപ്പാറകയറ്റത്തിനു വഴിതെളിച്ചത്. ആനപ്പാറ കയറുക അസാദ്ധ്യമെന്നുവാദിച്ച അവനെ വെല്ലുവിളിക്കുവാന്‍ എന്റെയൊപ്പം വിനീതും എന്റെ സുഹൃത്ത് അഖില്‍ എന്ന ഉണ്ണിക്കുട്ടനും ഉണ്ടായിരുന്നു. അങ്ങനെ, ജീവന്‍ പണയപ്പെടുത്തിയും ആനപ്പാറ കയറും എന്ന ഉറച്ചതീരുമാനത്തില്‍ ഞങ്ങള്‍ എത്തിച്ചേര്‍ന്നു. 
എനിക്കും വിനീതിനും അന്ന് ഏഴുവയസ്സാണ് പ്രായം. ഉണ്ണിക്കുട്ടന്‍ എന്നെക്കാളും ഒന്നോ രണ്ടോ ഓണം അധികം ഉണ്ടിട്ടുണ്ടാവണം. 
ഒടുവില്‍, വളരെ അപ്രതീക്ഷിതമായിട്ടാണ് ഞങ്ങളുടെ ആനപ്പാറകയറ്റം സാദ്ധ്യമായത്. ഒരു പണിയുമില്ലാതെ വീട്ടിലിരിക്കുകയായിരുന്ന ഞാന്‍ ഒരുപ്രത്യേക സിഗ്നല്‍(അതു ഞങ്ങളുടെ സംഘത്തിന്റെ രഹസ്യ സിഗ്നല്‍ ആണുകേട്ടോ) കേട്ടാണ് താഴേക്കു പോയത്. എന്റെ വീടിനു താഴെ ഇലകള്‍ക്കിടയില്‍ മറഞ്ഞ് ഉണ്ണിക്കുട്ടന്‍ നില്പുണ്ടായിരുന്നു. അവന്‍ സര്‍വ വസ്ത്രവിഭൂഷിതനാണ്, ഇടം കയ്യില്‍ ഒരുബാഗും വലം കയ്യില്‍ ഒരു തോക്കും. പേടിക്കേണ്ട, കളിത്തോക്കാണ്. അവന്റെ നില്പുകണ്ടാല്‍ ചുറ്റും നൂറുകണക്കിനു തീവ്രവാദികള്‍ നില്ക്കുന്നുണ്ടെന്നേ തോന്നൂ. ഒരു സുരേഷ് ഗോപി ചിത്രത്തിലെയെന്നതുപോലെയുള്ള അവന്റെ നില്പ് കണ്ടപ്പോള്‍ തന്നെ എനിക്ക് സംഗതി കത്തി. 
ഞാന്‍ ചോദിച്ചു. ആനപ്പാറ? 
അവന്‍ പറഞ്ഞു. റെഡിയാക് ,വേഗം
എന്തുകൊ​ണ്ട് ഇപ്പോള്‍ ? ഞാന്‍ വീണ്ടും ചോദിച്ചു. 
ഇതാണവസരം, വേഗം. അവനു ക്ഷമ കെട്ടുതുടങ്ങി. ഈ നാലു വാചകങ്ങളില്‍ സംഭാഷണം അവസാനിച്ചു. ഞങ്ങള്‍ അറുബോറന്മാറായതിനാലല്ല, ഈ മുറി വാചകങ്ങളില്‍ സംഭാഷണം അവസാനിപ്പിച്ചത്. ഞങ്ങള്‍ കണ്ട സിനിമകളിലൊക്കെ അങ്ങനെയായിരുന്നു. ഇത്തരം അതിസാഹസികമായ സന്ദര്‍ഭങ്ങളില്‍ നായകന്മാര്‍ അധികം സംസാരിച്ചു സമയം കളയുന്നതായിഞാന്‍ വായിച്ച പുസ്തകങ്ങളിലൊന്നു മുണ്ടായിരുന്നില്ല.

പിന്നെ ആകെയൊരു തിരക്കായിരന്നു. വീട്ടില്‍പോയപാടെ ഒരു ഇന്നര്‍ബനിയനും അതിനുപുറമേ രണ്ടുബനിയനും ആതിനും പുറമേ ഒരു സ്വെറ്ററും ധരിച്ചു. കഴുത്തില്‍സ്കാര്‍ഫ് ചുറ്റി തലയില്‍ തൊപ്പിയും വെച്ചു ഒരു കൂളിംഗ് ഗ്ലാസും കാലുകളില്‍ബൂട്ടും ധരിച്ചു സ്കൂളില്‍കൊണ്ട്പോകുന്ന ബാഗെടുത്ത് പുസ്തകങ്ങളെല്ലാം തട്ടിക്കുടഞ്ഞ് മേശയിലിട്ടു. എന്നിട്ട് അതില്‍ എന്റെയും വിനീതിന്റെയും ആയുധങ്ങള്‍ -അഥവാ ഒരു പഴയകത്തി, ഞാന്‍ തന്നെ യുണ്ടാക്കിയ ബൂമറാങ്ങിന്റെ ഒരു മാതൃക,മൊട്ടുസൂചികള്‍, ഇരുമ്പുകഷണങ്ങള്‍, തുടങ്ങിയവ പെറുക്കിവച്ചു.അതിസാഹസികമായ ഞങ്ങളുടെ യാത്രയില്‍ കഴിക്കുവാന്‍ അടുക്കളയില്‍ നിന്നെടുത്ത ബേക്കറി ഐറ്റംസും വെള്ളവും കരുതി. ഒപ്പം രണ്ടുഗ്ലാസുകളും കരുതി. എന്റെ പ്രിയപ്പെട്ട തോക്ക് കയ്യില്‍ത്തന്നെ കരുതി. വഴിയില്‍ വച്ചെങ്ങാനും ആവശ്യം വന്നാലോ ?
അങ്ങനെ വല്യപ്പച്ചന്റെയും വല്യമ്മച്ചിയുടെയും കണ്ണുവെട്ടിച്ച് ഞങ്ങള്‍ പുറത്തിറങ്ങി. അവിടെ ഉണ്ണിക്കുട്ടന്‍ നില്പുണ്ടായിരുന്നു. കുറെ നേരത്തെ തുടര്‍ച്ചയായ നില്പ് അവനെ മടുപ്പിച്ചിരുന്നു. എന്നാല്‍ ചുമ്മാ നിലത്തിരുന്ന്  അത്യന്തം സാഹസികമായ അ യാത്രയുടെ ഗൌരവം നഷ്ടപ്പെടുത്താന്‍ അവന്‍ ഒരുക്കമായിരുന്നില്ല. അപ്പോള്‍ ഞങ്ങളെ കണ്ടാല്‍ സാക്ഷാല്‍ രജനീകാന്ത് ത്രിബിള്‍ റോളില്‍ നില്ക്കുന്നതുപോലെയുണ്ടായിരുന്നു. 
ഒട്ടും വൈകിയില്ല. ആ ഐതിഹാസികയാത്രയ്ക്ക് ഞങ്ങള്‍ തുടക്കം കുറിച്ചു.അല്പം നടന്നുകഴിഞ്ഞപ്പോള്‍ ഉണ്ണിക്കുട്ടന്‍ ഞങ്ങളെ മെല്ലെ അടുത്തേക്ക് വിളിച്ചു. എന്നിട്ട് ചുറ്റും നോക്കി സസൂക്ഷ്മം ബാഗ് തുറന്നു. പിന്നെ പതിയെ ഒരു പാതാളക്കരണ്ടി പുറത്തെടുത്തു. അതിന്റെ അറ്റത്ത് വളരെ നീണ്ട ഒരു കയറും ഉണ്ടായിരുന്നു.  അത് തന്റെ വല്യച്ഛന്‍ കിണറുകുഴിച്ചപ്പോള്‍ ഉപയോഗിച്ചതാണെന്നും അതെറിഞ്ഞ് ആനപ്പാറയിലെ കല്ലുകളിലുടക്കിയാല്‍ നിഷ്പ്രയാസം മുകളിലെത്താമെന്നും അവന്‍ മന്ത്രിച്ചു. ഞാന്‍ അന്നാദ്യമായിട്ടായിരുന്നു ഒരു പാതാളക്കരണ്ടി കണ്ടത്. അതിന്റെ ഉപയോഗത്തെപ്പറ്റി കൃത്യമായ ധാരണയൊന്നും ഇല്ലായിരുന്നെങ്കിലും ആ യാത്രയില്‍ അതു ഞങ്ങളെ ഒരുപാടൊരുപാട് സഹായിക്കുമെന്ന് ഞങ്ങള്‍ ഉറച്ചു വിശ്വസിച്ചു. 
ഇടതൂര്‍ന്നു വളര്‍ന്ന റബ്ബര്‍ മരങ്ങളുടെയും അതുകഴിഞ്ഞുകാണായ തെങ്ങിന്‍ തോപ്പുകളുടെയും ഇടയില്‍ക്കൂടി ഞങ്ങള്‍ മുകള്ലേക്കുനീങ്ങി. ചുറ്റുമുള്ളമരങ്ങള്‍ അത്യന്തം ഭീകരന്മാരായ ശത്രുക്കളായി ഞങ്ങള്‍ക്കുതേന്നി. വായിച്ചറിഞ്ഞസാഹസികനോവലുകളിലെ കഥാപാത്രങ്ങളായി ഞങ്ങള്‍ മാറിക്കഴിഞ്ഞിരുന്നു. വഴിയില്‍ക്കണ്ട കമ്യൂണിസ്റ്റുകാടുകളുടെ തലയരിഞ്ഞുകൊണ്ടായിരുന്നു ഞങ്ങളുടെ യാത്ര. 
എന്റെ വീടിന്റെ മുമ്പില്‍ക്കൂടി ഒരു തോട് ഒഴുകുന്നുണ്ട്. പോയവഴിയിലെല്ലാം ആ തോട് ഞങ്ങള്‍ക്കു കാണാന്‍ കഴിഞ്ഞു. ഒടുവില്‍ ഞങ്ങളുമായി പന്തയത്തിലേര്‍പ്പെട്ട ഷിന്റോയുടെ വീട്ടുമുറ്റത്ത് ആ യാത്ര അവസാനിച്ചു. 
ഞങ്ങളെക്കണ്ടതും ഷിന്റോ പുറത്തേക്കുവന്നു. ഞങ്ങള്‍ ഞങ്ങളുടെ യാത്രയെപ്പറ്റി അവനോടുപറഞ്ഞു. അതുപറഞ്ഞതും അവന്റെ മുഖത്ത് ഒരുവല്ലാത്ത ഭാവം മിന്നിമറഞ്ഞത് ഞങ്ങള്‍ കണ്ടു. അവന്‍ ഞങ്ങളെ അല്പം മാറ്റിനിര്‍ത്തി ചോദിച്ചു. 
കയറുമെന്ന കാര്യം ഉറപ്പാണോ?
ഞങ്ങള്‍ പറഞ്ഞു. ഉറപ്പ്.
അവന്‍ അകത്തേക്കുപോയി. എന്നിട്ട് ഒരുകഷണം കടലാസുമായി തിരിച്ചെത്തി. അവന്‍ അതു ഞങ്ങള്‍ക്കു നേരെ നീട്ടി. ഞാന്‍ അതുറക്കെ വായിച്ചു. 
ഈ യാത്രയില്‍ ഞങ്ങള്‍ക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ പരിപൂര്‍ണമായ ഉത്തരവാദിത്തം മറ്റാരിലും നിക്ഷിപ്തമല്ല. ഈ യാത്ര തികച്ചും ഞങ്ങളുടെ സ്വന്തം ഇഷ്ടപ്രകാരമാണ്. 
ഞങ്ങള്‍ മൂവരും മുഖത്തോടുമുഖം നോക്കി. യാതൊരു ഭാവഭേദവുമില്ലാതെ ഷിന്റോ പറഞ്ഞു. ആ കടലാസിനുതാഴെ ഒപ്പിട്. താഴെ വിരലടയാളവും വേണം.  
ഞങ്ങള്‍ തരിച്ചിരുന്നുപോയി. എന്നാല്‍ അതിനെ ഒരുവെല്ലുവിളിയായിത്തന്നെ എടുക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഞാനും വിനീതും ഉണ്ണിക്കുട്ടനും അതില്‍ ഒപ്പുവച്ചു. ഞങ്ങള്‍ വീണ്ടും നടന്നു. കുത്തനെയുള്ളകയറ്റം ആരംഭിച്ചു. അത് ആള്‍ത്താമസമുള്ളപ്രദേശമല്ല. വഴിയാണെങ്കില്‍ വല്ലാതെ കാടുപിടിച്ചുകിടക്കുന്നു. സത്യം പറഞ്ഞാല്‍ ഞങ്ങള്‍ മൂന്നുപേരിലാര്‍ക്കും ആനപ്പാറയിലേക്കുള്ളകൃത്യമായ വഴി അറിയില്ലായിരുന്നു. അതുകൊണ്ട് മുന്നില്‍ക്കണ്ട വഴികളിലൂടെയൊക്കെ ഞങ്ങള്‍നടന്നു. ഞാന്‍ എന്റെ തോക്കില്‍ മുറുകെപ്പിടിച്ചു. 
ഒടുവില്‍ വളരെ അകലെനിന്നുതന്നെ ഒരുവലിയപാറ ഞങ്ങള്‍ക്കു കാണാന്‍ കഴിഞ്ഞു. അത് ഞങ്ങള്‍ക്ക സാക്ഷാല്‍ എവറസ്റ്റ് കൊടുമുടിപോലെ തോന്നി. അത്രയും വലിയ പാറകീഴടക്കുക എന്ന ഞങ്ങളുടെ ദൌത്യത്തോട് ഞങ്ങള്‍ക്കുതന്നെ മതിപ്പുതോന്നി. അത്ഭുതമെന്നുപറയട്ടെ, ഞങ്ങള്‍ താഴെ മുതലേ കണ്ടുവന്ന തോട് അവിടെ വച്ച് വീണ്ടും കാണായി. കൂടുതല്‍ അടുത്തുചെന്നപ്പോഴാണ് മനസ്സിലായത് ആ തോട് ഉത്ഭവിക്കുന്നത് ആനപ്പാറയുടെ ചുവട്ടില്‍നിന്നാണ്. ചെറിയ ഒരുറവയായി ആരംഭിക്കുന്ന ആ തോടാണ് എന്റെ വീട്ടിനു സമീപത്തുകൂടി കൂലംകുത്തിയൊഴുകുന്നത്. ആനപ്പാറയിലെത്തിയതിനൊപ്പം മറ്റൊരുരഹസ്യം കൂടി ഞങ്ങള്‍ കണ്ടെത്തിയിരിക്കുന്നു. 
ആനപ്പാറയുടെ ചുവട്ടിലെത്തിയതോടെ ഞങ്ങളുടെ യാത്രയുടെ ഒരുഘട്ടം അവസാനിച്ചതായി എനിക്കുതോന്നി. ആനപ്പാറകയറ്റം എത്രമാത്രം എളുപ്പമാവുമെന്ന് എനിക്ക് യാതൊരു ഈഹവുമുണ്ടായിരുന്നില്ല. 
അവിടെവച്ച് ഞങ്ങള്‍ കരുതിയിരുന്ന ഭക്ഷണവും വെള്ളവും ഞങ്ങള്‍ ഏകദേശം കാലിയാക്കി.സത്യത്തില്‍ വിശപ്പുണ്ടായിട്ടൊന്നുമല്ല. ഞാന്‍ വായിച്ചകഥളിലുംകണ്ടസിനിമകളിലുമൊക്കെ അങ്ങനെയായിരുന്നു. അതിനുശേഷം ഉണ്ണിക്കുട്ടന്‍ പതിയെ അവന്റെ ബാഗിനുള്ളില്‍ കരുതിയിരുന്ന പാതാളക്കരണ്ടി പുറത്തെടുത്തു. എന്നിട്ട് അത് പാറയുടെ മുകളിലേക്കെറിഞ്ഞു. എന്നാല്‍ അത് എവിടെയെങ്കിലും എറിഞ്ഞുടക്കുവാനുള്ള അവന്റെ ശ്രമം പരിപൂര്‍ണ്ണമായും നിഷ്ഫലമാവുകതന്നെ ചെയ്തു. അതു ഞങ്ങളെ ആശങ്കയിലാഴ്ത്തി. ഒന്നിലേറെത്തവണ അവന്‍ അതിനുശ്രമിച്ചെങ്കിലും വീണ്ടും വീണ്ടും അവന്‍ പരാജയമടഞ്ഞുകൊണ്ടിരുന്നു. ഒടുവില്‍ മടങ്ങിപ്പോകാന്‍ തന്നെ തീരുമാനമെടുത്ത ഒരുഘട്ടത്തില്‍ അസാമാന്യധൈര്യത്തോടെ വിനീത് മുന്നോട്ടുവന്നു. വെറും കൈകള്‍കൊണ്ട് പാറയില്‍പിടിച്ചുകയറുക എന്ന ശ്രമകരമായ ദൌത്യത്തിന് അവന്‍ തയ്യാറായി. 
പാറയുടെ മുകളില്‍ കട്ടികൂടിയ വള്ളിപ്പടര്‍പ്പുകളുണ്ട്. ഞാന്‍ മുകള്ലെത്തി ,അവയില്‍ ഈ പാതാളക്കരണ്ടികൊളുത്തിയാല്‍ നിങ്ങള്‍ക്കുരണ്ടുപേര്‍ക്കും മുകളിലെത്താം.  അവന്‍ പറഞ്ഞു. അവന്റെ ധൈര്യം കണ്ടു ഞങ്ങള്‍ അമ്പരന്നുപോയി. അവന്‍ ആ ഉദ്യമത്തിന് തുടക്കം കുറിച്ചു. അതിഭയങ്കരമായ പാറകളിലൂടെ അവന്‍ കയറിപ്പോകുന്നത് ആരാധനയോടെ ഞാനും ഉണ്ണിക്കുട്ടനും നോക്കിനിന്നു. 
ഏകദേശം പത്തുമിനിട്ടുകൊണ്ട് അവന്‍ മുകളിലെത്തി. അവന്‍ ആനന്ദനൃത്തം ചവിട്ടി. ആ അസുലഭമുഹൂര്‍ത്തം താഴെ ഞങ്ങളും ആവോളം ആസ്വദിച്ചു. അവന്‍ തന്റെ കയ്യില്‍ കരുതിയിരുന്ന പാതാളക്കരണ്ടി മുകളിലെ വള്ളിപ്പടര്‍പ്പുകളില്‍കൊളുത്തി. പിന്നെ അതില്‍പിടിച്ചുമുകള്ലേക്കുകയറി.  ടോബി മഗ്യൂറിന്റെ യും അര്‍ണോള്‍ഡ് ഷ്വാര്‍സനഗറിന്റെയും ഞാന്‍കണ്ട ചിത്രങ്ങള്‍ എന്റെ മനസ്സിലാക്കോടിയെത്തി. ഒടുവില്‍ ഞാനും ആനപ്പാറയുടെ മുകളിലെ ത്തി. വലിയ തടിനായിരുന്ന ഉണ്ണിക്കുട്ടനെ മുകളിലെത്തിക്കുവാന്‍ ഭഗീരഥപ്രയത്നം തന്നെ വേണ്ടിവന്നു. ഞങ്ങള്‍ക്കു പത്തുമിനിട്ടുവേണ്ടിവന്നിടത്ത് അവന് ഇരിപതുമിനിട്ടുവെണ്ടിവന്നു. 
ഹാവൂ... അങ്ങനെ ഒടുവിലിതാ ഞങ്ങള്‍ ആനപ്പാറയുടെ മുകളിലെത്തിയിരിക്കുന്നു. അതെ ഞങ്ങള്‍ ആനപ്പാറയുടെ മുകളിലെത്തിയിരിക്കുന്നു. ഞങഅങള്‍ ആനന്ദനൃത്തം ചവിട്ടി. കണ്ണില്‍ക്കണ്ട ചെടികള്‍പറിച്ചെടുത്തു പുഷ്പവൃഷ്ടിനടത്തി. 
എന്നാല്‍ ആ സന്തോഷം അധികം നീണ്ടുനിന്നില്ല. എവിടെനിന്നോ കടുത്ത ശകാരവര്‍ഷം ഞങ്ങള്‍ക്കുമേല്‍ വന്നുവീണു. നോക്കുമ്പോള്‍ അടുത്തവീട്ടിലെ ഒരു ചേച്ചി കുറച്ചപ്പുറം കലിതുള്ളിനില്ക്കുന്നു. പടുകൂറ്റന്‍ പാറയ്ക്കുമുകളിലെ ഞ്ങ്ങളുടെ നില്പുകണ്ട് അവര്‍ ഞെട്ടിപ്പോയി. പിന്നെ ശാസനകളുടെ ഒരു കൂമ്പാരമായിരുന്നു. പ്രാണരക്ഷാര്‍ത്ഥം ഓടുവാന്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചു. എന്നാല്‍ അപ്പോഴുമുണ്ടൊരുപ്രശ്നം. ഞങ്ങള്‍വന്നവഴിയുടെ ഒത്ത നടുക്കാണ് ആ ചേച്ചിയുടെ നില്പ്. ഞങഅങള്‍ തരിച്ചുപോയനിമിഷം... എന്നാല്‍ പെട്ടെന്ന് എന്റെ മനസ്സിലൊരു കൊള്ളിയാന്‍ മിന്നിമാഞ്ഞു.  തോട്... അതെ. .. തോടുതന്നെയാണ് മാര്‍ഗം. ആനപ്പാറയുടെ ചുവട്ടില്‍നിന്നും ഉദ്ഭവിക്കുന്ന തോട് നേരേ ഞങ്ങളുടെ വീട്ടിനു മുമ്പിലൂടെയാണ് ഒഴുകുന്നത്. അതുവഴിപോയാല്‍ കൃത്യം വീട്ടിലെത്താം. പിന്നെ ഒരോട്ടമായിരുന്നു. തോടുവഴിയുള്ളഇറക്കം വളരെ ക്ലേശകരമായിരുന്നു. എന്നാല്‍ അന്നത്തെ ആ വെപ്രാളത്തില്‍ ഞങ്ങളതൊന്നുമറിഞ്ഞില്ല. വഴിയില്‍ പലയിടത്തും കൈകാലുകള്‍ മുള്ളുകൊണ്ടു വലിഞ്ഞു. പലയിടത്തും വീണു. എങ്കിലും അയല്‍ക്കാരിയില്‍ നിന്നും രക്ഷപ്പെട്ടതിന്റെ സന്തോഷമായിരിന്നു ഞങ്ങള്‍ക്ക്.ഒടുവില്‍ ഐതിഹാസികമായ ആ യാത്ര അവിടെ അവസാനിച്ചു. 
ശൂന്യമായ ജീവിതത്തില്‍ ഓര്‍മകള്‍ കുളിര്‍ജലം തളിക്കുന്നു.  
             
       

Friday, October 29, 2010

സാമ്രാജ്യത്വം---ബാഹുല്‍. ആര്‍. പ്ലസ് ടു സയന്‍സ്

            സാമ്രാജ്യത്വം
         ബാഹുല്‍. ആര്‍. പ്ലസ് ടു സയന്‍സ്
         ശാന്തമായ ഉച്ചമയക്കത്തിന് കാക്കകള്‍ തടസ്സമായെന്ന്  മനസ്സിലാക്കിയപ്പോള്‍ ഞാന്‍ മുറ്റത്തേക്കിറങ്ങി. മുന്നിലെ ഒട്ടുമാവിന്റെ ചില്ലകളിലേക്കു നോട്ടമയച്ചു. അവറ്റകളുടെ എണ്ണം പെരുകിയിരിക്കുന്നു.
                 നാശങ്ങള്‍!
        മുറ്റത്തുണ്ടായിരുന്ന ഒരു ഉരുളന്‍കല്ലിനെ ഞാന്‍ മാവിന്‍കൊമ്പിലേക്കയച്ചു. കാക്കകള്‍ ചിറകിട്ടടിച്ചു പറന്നുയര്‍ന്നു. ചെറുതെങ്കിലും ആശ്വാസകരമായ സംതൃപ്തിയോടെ  ഞാന്‍  അകത്തേക്കു കയറി. മുറിയുടെ ജനാലക്കരികിലെ  മേശക്കുസമീപം  ചെന്നിരുന്നു. ഈയാഴ്ചതന്നെ കഥ തയ്യാറാക്കി വാരികയില്‍ ഏല്പിച്ചാല്‍  നൂറുരൂപ കിട്ടും. കടലാസും പേനയും ഒരുങ്ങിയിരിക്കുകയാണ്.  പക്ഷേ, ഒരു വിഷയത്തിനുവേണ്ടി ആഴ്ചകളായി തിരഞ്ഞുകൊണ്ടിരിക്കുകയാണ് ഞാന്‍.  ദാരിദ്ര്യം അസഹനീയമായതോടെ തൊഴില്‍രഹിതനായ ഭര്‍ത്താവുമായിപ്പിണങ്ങി സുഭദ്ര പോയതുകൊണ്ട് ഒരു എഴുത്തുകാരനുവേണ്ട ഏകാന്തത ഇപ്പോഴുണ്ട്. പക്ഷേ ഏകാഗ്രത ഒരു സ്വപ്നമായിത്തുടരുന്നു.
         എന്റെ ജീവിതം തകര്‍ത്ത കാക്കകള്‍.
         ആദ്യമൊക്കെ ഒന്നോ രണ്ടോ എണ്ണം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അടുക്കളപ്പുറത്തെ ഭക്ഷണം സുലഭമായപ്പോള്‍ എണ്ണം പെരുകിത്തുടങ്ങി.
         കാക്കകള്‍ കാരണം ഗോപിയും മാധവനും ഇങ്ങോട്ടു വരാറേയില്ല. അതുകൊണ്ടുതന്നെ പുറം ലോകത്തു നടക്കുന്നതിനെക്കുറിച്ച്  ഞാന്‍      അജ്ഞനാണ്.                                 ആരോടെങ്കിലും സംസാരിച്ചിട്ടുതന്നെദിവസങ്ങളായി.                
         എല്ലാത്തിനും കാരണം ഈ നശിച്ച കാക്കകള്‍!!!
         ഒരിക്കല്‍ ഉപജീവനമാര്‍ഗം എന്നനിലയ്ക്ക് ഞാന്‍ വാഴക്കൃഷി തുടങ്ങി. പക്ഷേ, വരുമാനമാകുന്നതിനു മുമ്പേ ഇവറ്റകള്‍ അതു നശിപ്പിച്ചു. സഹായത്തിനു വവ്വാലുകളുമെത്തി.
         ഹും, എന്റെ ജീവിതം തകര്‍ത്ത കാക്കകള്‍.
         ഇതു കൂടാതെ ഇറക്കുമതിയും. കിണറ്റിലെ വെള്ളം അവ മലിനമാക്കി.
         എന്തൊരു ദ്രോഹം.
         കാക്കകള്‍ ബഹളമയമാക്കുന്ന ചില സായാഹ്നങ്ങളില്‍ എന്റെ നാവില്‍ സരസ്വതി വിളയാടാറുണ്ട്.
         ശബ്ദം അസഹനീയമായപ്പോള്‍ ഞാന്‍ ഒരിക്കല്‍ക്കൂടി മുറ്റത്തേക്കിറങ്ങി. ഞാന്‍ വിനീതനായി പറഞ്ഞു:
'യജമാനന്മാരേ, ഈയുള്ളവന്‍ പട്ടിണിയകറ്റാനുള്ള ശ്രമത്തിലാണ്. എന്നെ വെറുതെ വിട്ടുകൂടെ?'
        ഞാന്‍കുറച്ചുനേരം ആ കോലാഹലങ്ങളുടെ നടുവില്‍ മുറ്റത്തെ കല്പടവിലിരുന്നു. പെട്ടെന്ന് വര്‍ദ്ധിച്ച സന്തോഷത്തോടെ ഞാന്‍ മുറിക്കകത്തേക്കോടി. പേനയെടുത്ത് കഥയുടെ പേര് ആദ്യം തന്നെ എഴുതിവച്ചു:
"സാമ്രാജ്യത്വം."

Wednesday, October 27, 2010

പുനര്‍മുകുളനം-വിദ്യാര്‍ത്ഥികളുടെ അനുഭവങ്ങള്‍ -ഗോകുല്‍ കെ,വിനീത് ജെയിംസ്

ആമുഖം

    ഒരു മനുഷ്യായുസ്സിലെ ഏറ്റവും അവിസ്മരണീയമായ കാലം ബാല്യമാണ്. തുമ്പികളുടെയും ശലഭങ്ങളുടെയും പിറകെയോടുന്ന ലീലകളുടെയും കൌതുകങ്ങളുടെയും  കാലം. ജീവിതസായാഹ്നങ്ങളില്‍ താലോലിക്കുവാന്‍ ഒരുപിടി ഓര്‍മ്മകള്‍ അതു നമുക്കു  നല്കുന്നു. നരവ്യക്തിത്വം പരുവപ്പെടുന്ന ഈ കാലത്തിലെ അനുഭവങ്ങള്‍ മനസ്സിന്റെ അടിത്തട്ടില്‍ ഒരിക്കലും മായാത്ത ഏടുകള്‍ വിരചിക്കുമെന്ന് ശാസ്ത്രം പോലും പറയുന്നു. നാളെ നാം എന്താവണമെന്ന് ആ അനുഭവങ്ങള്‍ക്ക് തീരുമാനിക്കാന്‍ കഴിയും. ബാല്യത്തോട് വിടപറയുന്ന ഈ ഘട്ടത്തില്‍ ആ കാലം തന്ന കയ്പും മധുരവും നാം ഇഴപിരിച്ചു പരിശോധിക്കുകയാണിവിടെ. ഓരോ വിദ്യാര്‍ത്ഥിക്കും ബാല്യം സമ്മാനിച്ചതെന്ത്  എന്നതിന്റെ നേര്‍ക്കാഴ്ച നല്‍കാന്‍ ഈ തിരിഞ്ഞുനോട്ടം ഉപകരിക്കുമെന്ന് വിശ്വസിക്കുന്നു.
  
      മോങ്ങാനിരുന്ന പട്ടിയും താഴേക്കു പതിച്ച തേങ്ങയും
         ഗോകുല്‍.കെ,പ്ലസ് വണ്‍ സയന്‍സ്

     തെയ്യത്തിനും തിറക്കും പേരുകേട്ടനാടാണ് ഉത്തരമലബാര്‍.ഈ മലബാറിലെ അത്യപൂര്‍വവും കൌതുകകരവും ഒപ്പം സാഹസികവുമായ തെയ്യക്കോലമാണ് കാരഗുളികന്‍. നമ്മുടെ അടുത്ത നാടായ വലിയപൊയിലില്‍ ഇന്നും മുടക്കം കൂടാതെ ഈ തെയ്യം കെട്ടിയാടിക്കപ്പെടുന്നു.
    വലിയപൊയിലിന് അടുത്ത പ്രദേശമായ ഒയോളമായിരുന്നു എന്റെ അമ്മയുടെ ജന്മദേശം. അവിടെ നിന്ന് വര്‍ഷം തോറും ഞങ്ങള്‍ തെയ്യം കാണാന്‍ പോകുമായിരുന്നു.  അന്നെനിക്ക് നാലോ അഞ്ചോ വയസ്സ് പ്രായം. ആ വര്‍ഷവും പതിവുപോലെ ഞങ്ങള്‍ തെയ്യത്തിനായി പുറപ്പെട്ടു. നമ്മുടെ ചില ബന്ധുക്കളും അടുത്ത വീട്ടിലെ   ജിത്തുവേട്ടനും എല്ലാവരും ഒന്നിച്ചാ ണ് യാത്ര.നീണ്ട് മെലിഞ്ഞ് ഇരുനിറത്തിലുള്ള ജിത്തുവേട്ടന്റെ മുഖം ഇന്നും എന്റെ മനസ്സില്‍ മായാതെ കിടപ്പുണ്ട്. തെയ്യവും ഉച്ചഭക്ഷണവുംകഴിഞ്ഞ് കുറി വാങ്ങി അനുഗ്രഹം നേടി ഞങ്ങള്‍ ഉച്ചതിരിഞ്ഞനേരം വീട്ടിലേക്കു തിരിച്ചു. ടി.വി യിലെ കാര്‍ട്ടൂണും സിനിമകളും സ്വപ്നം കണ്ട് ഞാനും ഏട്ടനും ജിത്തുവേട്ടനും വേഗത്തില്‍ നടന്നു. വയലേലകളാലും കിളികളാലും സമൃദ്ധമായ ഒയോളത്തെ  കൊയ്ത്തുകഴിഞ്ഞ്  ഉണങ്ങിയ പാടത്തെത്തിയപ്പോള്‍  ജിത്തുവേട്ടന്‍ പറഞ്ഞു. ദാ, നോക്ക്, ആ തലപോയ കമുകിന്റെ പൊത്തില്‍  ഒരു ഓളിയുടെ കൂടുണ്ട്. തത്ത വര്‍ഗ്ഗത്തില്‍പ്പെടുന്ന ഓളി  അന്ന് നാട്ടിന്‍പുറങ്ങളില്‍ സുലഭമായിരുന്നു. കൂടുണ്ടെങ്കില്‍ അതില്‍ കുഞ്ഞുമുണ്ടാകുമെന്ന് കൂട്ടത്തില്‍ മൂത്തവനായ ജിത്തുവേട്ടന്‍ പറഞ്ഞു.  മൂത്തവരുടെ വാക്ക് ചിലപ്പോഴെങ്കിലും മധുരിക്കാതെ കയ്ച്ചുകൊണ്ടേയിരിക്കുമെന്ന് ഞാന്‍ അന്നറിഞ്ഞു. പൂതലായ കമുക് തള്ളിയിടുന്ന ചുമതല കൂട്ടത്തില്‍ മൂത്തവനായ ജിത്തുവേട്ടന്‍ ഏറ്റെടുത്തു. ആയതിനാല്‍ ഞാനും ഏട്ടനും ഓടാനാരംഭിച്ചു.
    എന്നെക്കാള്‍ രണ്ട് ഓണം അധികം ഉണ്ടതിന്റെ ലോകപരിചയംവെച്ച് ഏട്ടന്‍ വേഗത്തിലോടി. പക്ഷേ രണ്ടല്ല, രണ്ടായിരം ഓണം ഉണ്ടാലും പഠിക്കാത്ത ഞാന്‍ അഞ്ചടിവെച്ചപ്പോള്‍ത്തന്നെ നിന്നു. തല ചൊറിയുന്നു. പേന്‍ പൂത്ത തലയാണ്. ചൊറിച്ചില്‍ സാധാരണമാണ്. അതിനാല്‍തന്നെ ഞാന്‍ തലങ്ങും വിലങ്ങും ചൊറിഞ്ഞു. ചൊറിയലിലെ ശ്രദ്ധകൊണ്ട് എന്റെ ഏട്ടന്റെ നിര്‍ദ്ദേശങ്ങള്‍ എന്റെ കര്‍ണ്ണങ്ങള്‍ക്ക് ഗ്രഹിക്കാനായില്ല. ഒരു നിമിഷം. അത് സംഭവിച്ചു.അറിയാത്ത പിള്ള ചൊറിയുമ്പോളറിയും എന്ന പഴഞ്ചൊല്ല് എന്നെ സംബന്ധിച്ചിടത്തോളം  അര്‍ത്ഥവത്തായി. കണ്ണും മൂക്കുമില്ലാതെ പതിച്ച ആ കമുക് എന്റെ തലയില്‍ത്തന്നെ ആദ്യവിശ്രമസ്ഥാനം കണ്ടെത്തി. എന്റെ കഴിവുകൊണ്ടോ ആ കമുകിന്റെ കഴിവുകേടുകൊണ്ടോ  എന്നറിയില്ല  അത് രണ്ട് കഷണങ്ങളായി തറയില്‍ പതിച്ചു. എന്റെ തലയ്ക്കുചുറ്റും ആയിരക്കണക്കിന് നക്ഷത്രങ്ങള്‍ ഒഴുകി നടന്നു. ആ നക്ഷത്രങ്ങള്‍ക്കുപോലും എന്നെ സമാധാനിപ്പിക്കാനായില്ല. ആരു കേട്ടാലും കുറ്റം പറയാത്ത ഒരു നല്ല കരച്ചില്‍ ഞാന്‍ ആരംഭിച്ചു. ദൂരെ നിന്ന് അമ്മ വരുന്നതുകണ്ടപ്പോള്‍ കരച്ചില്‍ ചെറിയൊരു അലര്‍ച്ചയായോ എന്നൊരു സംശയം. അമ്മ ആകെ തരിച്ചുപോയി.  പക്ഷേ ഏറെ മനോധൈര്യമുള്ള എന്റെ ഇളയമ്മ എന്നെ വാരിയെടുത്ത് വീട്ടിലെത്തിച്ചു.നനച്ച തുണിയെടുത്ത് തലയ്ക്കുപിടിച്ചു. എന്റെ കരച്ചില്‍കേട്ടിട്ടും ആര്‍ക്കും ​എന്നെ സമാധാനിപ്പിക്കാന്‍ തോന്നിയില്ല. എങ്ങും ചീത്ത പറച്ചിലുകള്‍. പക്ഷേ കരച്ചിലിന്റെ ഫ്രീക്വന്‍സി ഞാന്‍ വര്‍ദ്ധിപ്പിച്ചപ്പോള്‍ വന്ന ചീത്തകള്‍ ചീത്തകളായിത്തന്നെ അവശേഷിച്ചു. അപ്പോഴേക്കും ഏട്ടനും ജിത്തുവേട്ടനും സന്തോഷത്തോടെ ഓടിവന്നു. ഓളിക്കുഞ്ഞിനെക്കിട്ടിയിരിക്കുന്നു. അതിനെ ഒരുനോക്കുകാണാന്‍ ഞാന്‍ കുതറിയെഴുനേല്ക്കാന്‍ ശ്രമിച്ചു. പക്ഷേ ഞാന്‍ വേദനകൊണ്ട് പുളയുകയാണെന്ന് ധരിച്ച ഇളയമ്മ പിടിയുടെ ശക്തി മുറുക്കിയതെയുള്ളു. പക്ഷേ അപ്പോഴേക്കും അച്ഛച്ഛന്റെയും അമ്മമ്മയുടെയും ശകാരം നിമിത്തം ഏട്ടന്‍ ആ പക്ഷിക്കുഞ്ഞിനെ കൊണ്ടുകളഞ്ഞിരുന്നു.
    എസ്കേപ് ടു വിക്ടറി 
  വിനീത് ജെയിംസ്. പ്ലസ് വണ്‍ സയന്‍സ്

     പതിനാറ് വര്‍ഷങ്ങള്‍ ജീവിതസരിത്തിന്റെ തീരത്ത് പിന്നിടുമ്പോള്‍ കൈക്കുമ്പിളില്‍ നിറയുന്നത് നനുത്ത ഒരുപിടി അനുഭവങ്ങളാണ്. താരകപ്പൂക്കളെപ്പോലെ അവ മന്ദഹാസം പൊഴിക്കുന്നു. ഒന്നോര്‍ത്താല്‍ അവിശ്വസനീയത എന്ന യാഥാര്‍ത്ഥ്യമാണ് ജീവിതത്തെ വിസ്മരിക്കാനാവാത്തവിധം ചേതോഹരമാക്കുന്നത്. നിനച്ചിരിക്കാത്ത സന്തോഷങ്ങളിലേക്കും സങ്കടങ്ങളിലേക്കും അതെന്നെ നയിച്ചിട്ടുണ്ട്. അത്തരം സംഭവങ്ങളാണ് നമ്മുടെ സ്മരണകള്‍ക്ക് അലങ്കാരങ്ങളാകുന്നത്.
പുതിയ അനുഭവങ്ങളുടെ ഭാണ്ഡം, പുതുമകള്‍ തിരയുന്ന വായനക്കാര്‍ക്കായി തുറന്നുവയ്ക്കുമ്പോള്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന സംഭവം അരങ്ങേറിയത് ഏതാനും മാസങ്ങള്‍ക്കുമുമ്പാണ്. കേരളാസ്റ്റേറ്റ് നെറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍! മധ്യവേനല്‍ കസര്‍ക്കുമ്പോള്‍ വീടിന്റെ ചുവരുകള്‍ മറയാക്കിയ നാളുകളിലൊന്നിലാണ്, സെന്‍സസ് ഡ്യൂട്ടിയുടെ  ഭാരം പേറുന്ന സഞ്ചിയുമായി തിരുമേനി ജി.എച്ച്.എസ്സിലെ കായികാദ്ധ്യാപകന്‍ ശ്രീ. സുനീഷ് മാസ്റ്ററെ കാണാനിടയായത്.  ബാസ്ക്കറ്റ് ബോളിന്റെ ആധുനികവത്കൃത രൂപമായ നെറ്റ്ബോളിന്റെ കോച്ചിംഗ് ക്യാമ്പിലേക്ക് അദ്ദേഹം ക്ഷണിച്ചപ്പോള്‍ മറ്റൊന്നും ചിന്തിച്ചില്ല. 
പ്രാക്ടീസ് തുടങ്ങി.... എല്ലാവരും സുഹൃത്തുക്കള്‍. ഒരു പുതിയ കായികയിനം സ്വായത്തമാക്കാനായതില്‍ കൃതാര്‍ത്ഥരായിരുന്നു ഞങ്ങളെല്ലാം. ഒടുവില്‍ മെയ്മാസത്തിലെ പ്രഥമവാരത്തിലാണ് സ്റ്റേറ്റ് ചാമ്പ്യന്‍ഷിപ്പിന് കണ്ണൂര്‍ ടീമിനെ പ്രതിനിധീകരിച്ച് ഞങ്ങള്‍ യാത്രപുറപ്പെടുന്നത്. സുനീഷ് മാസ്റ്ററിനെ നേരത്തെ തന്നെ കേരളാ ടീം കോച്ചായി തിരഞ്ഞെടുത്തത് ഞങ്ങളില്‍ ആത്മവിശ്വാസമുണര്‍ത്തി.അദ്ദേഹത്തിന്റെ ദീര്‍ഘദര്‍ശനങ്ങളുടെയും ഉപദേശങ്ങളുടെയും  നനഞ്ഞമണ്ണില്‍ നിന്ന് ഏറെ വളര്‍ച്ചപ്രാപിച്ച ഒരു ടീമായിരുന്നു ഞങ്ങളുടേത്.ഗോള്‍ ഡിഫന്ററായി അപ്പു. സെന്റര്‍ പ്ലെയറായി വിവേക് ,ഷൂട്ടറായി ഉയരക്കാരന്‍ ജിബിന്‍...പിന്നെ വിങ് അറ്റാക്കര്‍ പൊസിഷനില്‍ ഞാനും.!തിരുമേനിയില്‍നിന്ന് കിലോമീറ്ററുകള്‍ മാത്രം അകലെയുള്ള കാസര്‍കോട് ടീമിലും സുഹൃത്തുക്കള്‍ ഏറെയുണ്ട്. 
ശ്രീപദ്മനാഭന്റെ മണ്ണിലേക്കുള്ള യാത്ര തന്നെ ഏറെ ഐതിഹാസികമായിരുന്നു.ജനറല്‍കമ്പാര്‍ട്ട്മെന്റിന്റെ ഭീകരത നിശയെ കൂടുതല്‍ കറുപ്പിച്ചിരുന്നു. വണ്ടിക്കുളളില്‍ കാലുകുത്താന്‍ സ്ഥലമില്ല. ലഗ്ഗേജ് കാരിയര്‍ബര്‍ത്തിനു മുകളില്‍ ഒരു താല്ക്കാലിക ഇരിപ്പിടം കണ്ടെത്തിയെങ്കിലും ഒന്നു നടുനിവര്‍ക്കാന്‍ കൊതിച്ചുപോയി. 
ഉറക്കം കണ്ടെത്താനാകാത്ത ആ രാത്രി ചരിത്രമായപ്പോള്‍ ഞങ്ങള്‍ തലസ്ഥാനനഗരിയുടെ മണ്ണിലായിരുന്നു. ആദ്യമായാണ് അവിടെ ചെല്ലുന്നത്. വീരമാര്‍ത്താണ്ഡവര്‍മ്മയുടെ ചിത്രം മനസ്സിലെത്തി. 
ആദ്യ ദിവസത്തെ മാച്ചില്‍ കോട്ടയം ടീമിനെ തോല്പിച്ച് ഞങ്ങള്‍ സെമിയിലേക്ക് ഉറപ്പാക്കി. പ്രതീക്ഷകളെയെല്ലാം അര്‍ത്ഥപൂര്‍ണ്ണമാക്കുന്ന പ്രകടനം.എന്നാല്‍, പുതിയ കോര്‍ട്ടിന്റെയും സാഹചര്യങ്ങളുടെയും സ്വാധീനത്താല്‍ ആര്‍ക്കും തന്നെ മികച്ച വ്യക്തിഗതപ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ല. ഇതൊരുവസ്തുതയായിരുന്നുവെങ്കിലും മികച്ച ടീം കോമ്പിനേഷന്‍ ഗെയിമിന്റെ പിന്‍ബലത്തിലാണ് ഞങ്ങള്‍ വിജയത്തിന്റെ മധുരം ആസ്വദിച്ചത്. 
പിറ്റേന്ന് കോഴിക്കോട് ടീമുമായായിരുന്നു കളി... ശക്തരായ കളിക്കാര്‍. കരുത്തുറ്റ തന്ത്രങ്ങള്‍...തലേദിവസത്തെ മത്സരഫലം തന്നെ അവരുടെ വരവറിയിക്കും വിധമായിരുന്നു. 
വിങ് അറ്റാക്കറുടെ ജഴ്സിയണിഞ്ഞ് ഗ്രൌണ്ടിലിറങ്ങിയപ്പോള്‍ ഞാന്‍ ആളാകെ മാറിയതുപോലെ തോന്നി. നടുവേദന ഒരു വില്ലനായതിനാല്‍ വേദനസംഹാരികളുടെ ബലത്തിലാണ് ഞാന്‍ ഗ്രൌണ്ടിലിറങ്ങിയത്. പതിയെ എന്നെ ഡിഫന്റ് ചെയ്യേണ്ട വിങ് ഡിഫന്ററെ സമീപിച്ചു സൌഹൃദം സ്ഥാപിച്ചു.കളി വളരെ എളുപ്പമായിരുന്നു. ഞാന്‍ പരമാവധി ആക്രമിച്ചുതന്നെ കളിച്ചു. ഹാഫ് ടൈമില്‍ ഏറെ സബ്സ്റ്റിറ്റ്യൂഷനുകള്‍ നടന്നു.എങ്കിലും എനിക്കു മുഴുവന്‍ സമയവും കളിക്കാന്‍ കഴിഞ്ഞു. അതു തന്നെ വലിയ സന്തോഷമായാണ് ഞാന്‍ കരുതിയത്. ഒടുവില്‍ 22-2 എന്ന വമ്പന്‍ സ്കോറിന് അവരുടെ വിജയപ്രതീക്ഷകള്‍ ഞങ്ങള്‍ തച്ചുടച്ചു. 
കളി കഴിഞ്ഞപ്പോള്‍വിശ്വസിക്കാനായില്ല. ഇതാ ഞങ്ങള്‍ ഫൈനലില്‍. എല്ലാവരും മികച്ച പ്രകടനം കാഴ്ചവച്ചത് ഫൈനലില്‍ വ്യത്യസ്ത തന്ത്രങ്ങള്‍ മെനയാന്‍ സഹായകമായി. 
ഉച്ചയ്ക്കുശേഷമായിരുന്നു ഫൈനല്‍. ഞാന്‍ മുഖമുയര്‍ത്തി. നല്ല കാലാവസ്ഥ. ഫൈനലിനു വേണ്ടിയുള്ള കാത്തിരിപ്പ് ജിജ്ഞാസാജനകമായ ഒന്നായിരുന്നു. മനസ്സില്‍ പ്രതീക്ഷകള്‍ മാളികപണിയുന്നു. അപ്പുവും സാമും വിവേകുമൊക്കെ പ്രാക്ടീസ് ചെയ്യുന്നുണ്ടായിരുന്നു. എങ്കിലും ഞാന്‍ ഇറങ്ങിയില്ല. പ്രശ്നം ശരീരവേദന തന്നെ. വേദനസംഹാരി ഗുളിക ഒന്നര അകത്തായി. 
സമയം മൂന്ന് മുപ്പത്. ഇതാ അന്തിമപോരാട്ടത്തിനായി ഞങ്ങള്‍ ഗ്രൌണ്ടിലേക്ക്. മൈതാനം തൊട്ട് വന്ദിച്ച് കണ്ണൂര്‍ ജില്ലാ ടീം ജഴ്സിയണിഞ്ഞ് നില്ക്കുമ്പോള്‍ ഞാന്‍ സ്വപ്നങ്ങള്‍ നെയ്യുകയായിരുന്നു.സുനീഷ് മാഷ് നല്കിയ ഉപദേശങ്ങള്‍ വളരെ വിലപ്പെട്ടതായിരുന്നു. പ്രാരംഭ വിസിലിനു മുമ്പ് കൂട്ടുകാര്‍ നിറഞ്ഞ പുഞ്ചിരികള്‍ കൈമാറി. പരസ്പര വിശ്വാസത്തിന്റെയും ഒത്തൊരുമയുടെയും നിറങ്ങളുള്ള ചിരി. എന്നാല്‍ വൈകാതെ തന്നെ അതിന്റെ കിരണങ്ങള്‍ അദൃശ്യമായി.കളി തുടങ്ങി രണ്ട് മിനിറ്റു കഴിയുമ്പോള്‍ ഞങ്ങള്‍ ഗ്രൌണ്ടില്‍ തരിച്ചു നില്ക്കുകയായിരുന്നു. മൂന്നു ഗോളുകളാണ് അവര്‍ ഞങ്ങള്‍ക്കെതിരെ അടിച്ചുകൂട്ടിയിരിക്കുന്നത്!. ഒന്നുപോലും തിരിച്ചടിക്കാന്‍ കഴിയാതെ ഞങ്ങള്‍ ഗ്രൌണ്ടില്‍ ഉഴറി നടന്നു. ഞാന്‍ അപ്പുവിനെ നോക്കി. അവന്‍ തല ചൊറിയുന്നു.  
പതിയെ ഞങ്ങളുടെ നീക്കങ്ങള്‍ക്ക് ചടുലത തിരിച്ചുകിട്ടി. ആ ഊര്‍ജത്തോടെ ഞങ്ങള്‍ തിരിച്ചടിച്ചപ്പോള്‍ ആലപ്പുഴ ടീമിന്റെ പ്രതിരോധം നുറുങ്ങിപ്പോകുന്ന കാഴ്ചയാണ് കാണാനായത്. ഞാനും അപ്പുവും സാമും വിവേകും പന്തുകള്‍ കൈമാറി. എന്നെ മാര്‍ക്കുചെയ്യേണ്ട വിങ് ഡിഫന്ററുടെ നീരാളിപ്പിടുത്തത്തില്‍നിന്ന് മോചിതനായി മുന്നേറിക്കളിക്കുകയാണ് എന്റെ ലക്ഷ്യം. അതിനായിത്തന്നെ ഞാന്‍ പരിശ്രമിക്കുകയും ചെയ്തു. ഞങ്ങളുടെ ടീം ഒരു യന്ത്രം പോലെ കാര്യമായി പ്രവര്‍ത്തിച്ചതിനു ഫലമുണ്ടായി. ഞങ്ങള്‍ തുടര്‍ച്ചയായി ബാസ്കറ്റ് ചെയ്തു. സ്കോര്‍ 5-3 . ഞങ്ങള്‍ക്കു ലീഡ്.!!
പുറത്തു കൂട്ടുകാരുടെ ആഘോഷം തകര്‍ക്കുന്നു. മുദ്രാവാക്യങ്ങളും പേരെടുത്തുള്ള ജയ് വിളികളും. എന്നാല്‍ അതിനിടയില്‍ നിന്ന് വേറിട്ടൊരു ശബ്ദം എന്റെ ചെവിയിലെത്തി. ഒരു നിമിഷം ഞാന്‍ അങ്ങോട്ടു നോക്കി. കേവലം രണ്ട് ഗോള്‍ മുന്‍തൂക്കത്തില്‍ നില്‍ക്കുമ്പോള്‍ ഗ്രൌണ്ടില്‍ കയറിനിന്ന് ആഹ്ലാദപ്രകടനം നടത്തിയ കാസര്‍കോട് ടീമിലെ ജിക്സണ്‍ തെക്കേമറ്റത്തിനെ സുനീഷ് മാഷ് വിരട്ടിപ്പായിക്കുന്നു. ഞാന്‍ നോക്കിയപ്പോഴേക്കും മാഷ് അവനെ നാണം കെടുത്തി ഒരു പരുവമാക്കിക്കഴിഞ്ഞു. ഈ ദൃശ്യം മനസ്സില്‍ ചിരിയുണര്‍ത്തിക്കടന്നുപോയി.
മനസ്സ് വീണ്ടും കളിയിലേക്കു തിരിച്ചുവന്നു. ലോബുകളിലൂടെയുള്ള പാസുകള്‍ തന്നെ ഞാന്‍ പ്രയോഗിക്കുകയും അറ്റാക്കേഴ്സിന്റെ കൈകളില്‍ അവ ഭദ്രമായെത്തുകയും ചെയ്തു. സ്കോര്‍ 12-6 
കളി തീരാന്‍ പോകുകയാണ്.കൂട്ടുകാരില്‍ നിന്നു സ്വീകരിച്ച പന്തുമായി ഞാന്‍ എതിര്‍പ്രതിരോധനിരയിലേക്ക് ഊളിയിടുകയും സ്കോര്‍ ചെയ്യുകയും ചെയ്തു. ഞങ്ങള്‍ക്ക് വ്യക്തമായ മുന്‍തൂക്കമുണ്ട്. മനസ്സ് പെരുമ്പറകൊട്ടുകയാണ്. ആനന്ദം തിരതല്ലുന്നു. ഞാന്‍ കളിതീരാന്‍ കാത്തുനിന്നു. റഫറിയുടെ വിസില്‍ മുഴങ്ങിയതും ഞങ്ങള്‍ ഗ്രൌണ്ടിനു പുറത്തേക്കോടി. ഞങ്ങളെ അഭിനന്ദിക്കാന്‍ കൂട്ടുകാര്‍ ഗ്രൌണ്ടിലേക്ക്. അവര്‍ ഞങ്ങളെ പൊതിഞ്ഞു. അവിശ്വസനീയം. ഞങ്ങള്‍ ചാമ്പ്യന്‍മാര്‍. ഗ്രൌണ്ടില്‍ കണ്ണൂര്‍ ടീമിന്റെ ആനന്ദനൃത്തം തകര്‍ക്കുമ്പോള്‍ മൈതാനത്തിന്റെ മൂലയില്‍ എല്ലാം തകര്‍ന്നിരുന്ന ആലപ്പുഴ ടീമിനെയും ഞാന്‍ കണ്ടു. ആരും കാണാത്ത കണ്ണുനീര്‍ത്തുള്ളികള്‍. ജയ് വിളികളിലും ആഘോഷങ്ങളിലും എന്റെ മനസ്സ് അലിഞ്ഞുചേര്‍ന്നു.
ഒടുവില്‍കപ്പ് നല്കേണ്ട നിമിഷം ആഗതമായി. സ്റ്റേറ്റ് ടീമില്‍ സെലക്ഷന്‍ കിട്ടിയവരുടെ പേരുവായിക്കലായിരുന്നു പ്രഥമ പരിപാടി. ഗൌരവക്കാരനായ മാച്ച് ഒഫീഷ്യല്‍ നീണ്ട ഒരു ലിസ്റ്റ് കയ്യിലേന്തി, കണ്ണടയുടെ മറയ്ക്കുള്ളിലൂടെ സദസ്സിലേക്ക് ഒരു നോട്ടമയച്ചു. ഞങ്ങളുടെ ടീമിലെ ഉയരക്കാരായ ഡിഫന്ററിനും ഗോള്‍ അറ്റാക്കറിനും സെലക്ഷന്‍ കിട്ടുമെന്ന പ്രതീക്ഷ എനിക്കുണ്ടായിരുന്നു.ഹിമാചല്‍പ്രദേശില്‍ നടക്കുന്ന  നാഷനല്‍ ചമ്പ്യന്‍ഷിപ്പില്‍ കേരള ടീമിനെ പ്രതിനിധീകരിക്കാന്‍ അവര്‍ക്ക് അവസരം ലഭിക്കും. 
ഒഫീഷ്യല്‍ വായനയാരംഭിച്ചു.
ജി.ഡി. കണ്ണൂര്‍ ടീം, സെന്റര്‍പ്ലെയര്‍ - കണ്ണൂര്‍ ടീം... ഒരു നിമിഷത്തെ നിശ്ശബ്ദത. ജിജ്ഞാസയോടെ ഏവരും കാതുകൂര്‍പ്പിച്ചു. 
വിങ് അറ്റാക്കര്‍ - കണ്ണൂര്‍...
കുറച്ചുനേരത്തേക്ക് പരിസരബോധം നഷ്ടപ്പെട്ടതുപോലെ ഒരവസ്ഥ... കൂട്ടുകാര്‍ ആരവങ്ങളുതിര്‍ക്കുന്നു. ഞാന്‍ പതിയെ ജഴ്സിയിലേക്ക് നോട്ടമയച്ചു. WA എന്നാലേഖനം ചെയ്ത ഷര്‍ട്ടില്‍ നോക്കി ഞാന്‍ തരിച്ചുനിന്നു. ശരീരത്തിലൂടെ ഒരു വിദ്യുത് പ്രവാഹം കടന്നുപോകുന്നതുപോലെ. ഹോ, ഞാന്‍ കേരളാ ടീമിലേക്ക്. .. ഞാന്‍ വിവേകിനും മറ്റ് സുഹൃത്തുക്കള്‍ക്കുമൊപ്പം കേരള നെറ്റ് ബോള്‍ ടീമംഗങ്ങളുടെ നിരയിലേക്ക് നടന്നു... 
ആ ഒരു നിമിഷം എന്റെ മനസ്സിന്റെ ജാലകച്ചീളുകള്‍ക്കിപ്പുറം എന്നുമുണ്ടാകും. അനുഭവങ്ങളുടെ തീവ്രതയിലാണ് ഈ നിമിഷം ഇത്രയധികം ചേതോഹരമാക്കപ്പെട്ടിരിക്കുന്നതും അത് എന്റെ സ്മരണകളെ നിറം പിടിപ്പിക്കുന്നതും. 
ജീവിതം പലപ്പോഴും ഇങ്ങനെയാണ്. അപ്രതീക്ഷിതമായി വീണുകിട്ടുന്ന, മാധുര്യമേറിയ പുതിയ അനുഭവമാണ് കാലപ്രവാഹത്തോട് ചേര്‍ന്നുള്ള ജീവിതയാത്രയില്‍ നമ്മെ മുന്നോട്ടു നയിക്കുന്ന ഉത്തേജനങ്ങളായി ഭവിക്കുന്നത്.