Monday, November 8, 2010

സ്വപ്ന സാഫല്യം-നിത്യ കൈപ്രത്ത്

സ്വപ്ന സാഫല്യം
നിത്യ കൈപ്രത്ത് ,പ്ലസ് വണ്‍ സയന്‍സ്

പത്താം ക്ലാസ് കഴിഞ്ഞ് സ്കൂളടച്ച സമയം. ഈ ഒഴിവുകാലത്തെങ്കിലും സൈക്കിള്‍ ഓടിക്കാന്‍ പഠിക്കണമെന്ന് ഞാന്‍ ഉറപ്പിച്ചു. ഒരുദിവസം യാദൃച്ഛികമായി എന്റെ ഇളയമ്മ എന്നെ അവരുടെ വീട്ടിലേക്ക് അവധിക്കാലം ചിലവഴിക്കാന്‍ ക്ഷണിച്ചു. കാസര്‍കോട് ബന്തടുക്കയിലാണ് ഇളയമ്മയും കുടുംബവും താമസിക്കുന്നത്. ഇളയമ്മയും ഇളയപ്പനും അദ്ധ്യാപകരാണ്. അവിടെയുള്ള സൈക്കിളില്‍ ഞാന്‍ ആദ്യം തന്നെ ഒന്ന് കണ്ണുവെച്ചു. എന്നെക്കാളും ഉളയതും എന്നെക്കാളും മുതിര്‍ന്നതുമായ രണ്ട് ആണ്‍ മക്കളാണ്, അവരുടെ രണ്ടുപേരുടെയും സഹായമാണ് എന്റെ സ്വപ്നസാഫല്യത്തിനാധാരം. സൈക്കിള്‍ പഠിക്കാന്‍ പോയ മൂന്നാമത്തെ ദിവസമാണ് അതു സംഭവിച്ചത്.
സായന്തനക്കാറ്റേറ്റ് ഞാന്‍ സൈക്കിള്‍ പഠിക്കുകയായിരുന്നു.  അനുജന്‍ നിതിന്‍ സൈക്കിള്‍ പിടിച്ചിട്ടുണ്ടായിരുന്നു. ഞാന്‍ സൈക്കിള്‍ ചവിട്ടാന്‍ തുടങ്ങുമ്പോള്‍ അവന്‍ പിടി വിട്ടു. ആ സെക്കന്റില്‍ തന്നെ ഞാന്‍ റബ്ബര്‍ തോട്ടത്തില്‍ ചെന്നു വീണു. ഇങ്ങനെ ചുരുങ്ങിയത് നാലുപ്രാവശ്യമെങ്കിലും ഞാന്‍ സൈക്കിളും കൊണ്ട് വീണു. എങ്കിലും അന്നു തന്നെ ഞാന്‍ സൈക്കിളോടിക്കാന്‍ പഠിച്ചു. കാലിന് ഒരു മുറിവ് പറ്റിയിട്ടുണ്ടായിരുന്നു. ചെറുതായി രക്തം വരുന്നുണ്ടായിരുന്നു. ഞാന്‍ അതത്ര കാര്യമാക്കിയില്ല. എന്റെ ആ സ്വപ്നം സഫലീകരിച്ചല്ലോ.
കുറച്ചു സമയം സൈക്കിള്‍ ഓടിച്ചശേഷം വീട്ടിലേക്ക് പോകാന്‍ തീരുമാനിച്ചു. അവന്‍ സൈക്കിളുമെടുത്ത് വന്നു.അവന്‍ സൈക്കിളുമെടുത്ത് വന്നു. ഞാന്‍ ധൈര്യസമേതം അവന്റെ പുറകില്‍കയറി. ഓടുന്ന സൈക്കിളില്‍ ഒന്നിരിക്കാന്‍ കഴിയുമല്ലോ. അപ്പോഴാണ് അവന് ഒരു കാര്യം മനസ്സിലായത്. ഞാന്‍ വീണുവീണ് സൈക്കിളിന്റെ ബ്രേക്ക് പൊട്ടിയിരുന്നു. സൈക്കിള്‍ പഠിച്ച ഗ്രൌണ്ടില്‍നിന്ന് വീട്ടിലേക്കുള്ള കട്ട് റോഡിലേക്ക് കടക്കാന്‍ ഒരു വളവാണ്. എന്റെ ഉള്ളില്‍ ഒരു തീപ്പൊരി പാറി. ബ്രേക്ക് പോയതിനാല്‍ സൈക്കിള്‍ പെട്ടെന്ന് വളക്കാന്‍ കഴിഞ്ഞില്ല. എന്റെ ഉള്ളിലെ തീപ്പൊരി ആളിക്കത്താന്‍ തുടങ്ങി. സൈക്കിള്‍ നേരെ പോകുന്നത് കാസര്‍കോട് ബദിയടുക്കയിലെ മെയിന്‍ റോഡിലേക്കാണ്. എനിക്ക് ശബ്ദം പുറത്തുവന്നില്ല. കുന്നിറക്കമായതിനാല്‍ സൈക്കിളിന് ബൈക്കിനെ വെല്ലുന്ന സ്പീഡുണ്ടായിരുന്നു. ഒരു നിമിഷം ഞാന്‍ ഇല്ലാതായിപ്പോകുന്നതുപോലെ എനിക്കു തോന്നി. ഞാന്‍ കാരണം എന്റെ അനുജന് വല്ലതും പറ്റുമോ എന്നതായിരുന്നു എന്റെ ചിന്ത. അവന്‍ ബ്രേക്ക് പിടിച്ചുകൊണ്ടിരുന്നെങ്കിലും ഫലമുണ്ടായില്ല. രണ്ടു ബ്രേക്കും പൂര്‍ണ്ണമായിപൊട്ടിയ ആ സൈക്കിള്‍ എങ്ങനെ നില്ക്കാന്‍ . എന്റെ കാഴ്ച മങ്ങുന്നതുപോലെ എനിക്കു തോന്നി.  സൈക്കിള്‍ മെയിന്‍ റോഡില്‍ എത്തിയിരുന്നു. ആ റോഡിനു താഴെ ഒരു കൊക്കയാണ്. സൈക്കിള്‍ ഉടന്‍ തന്നെ വളച്ചില്ലെങ്കില്‍ ഞങ്ങള്‍ ആ സൈക്കിളും കൊണ്ട് മെയിന്‍ റോഡുകടന്ന് ആ കൊക്കയിലേക്കു വീഴും. എന്റെ സകല നാഡികളും തകരുന്നതുപോലെ എനിക്കു തോന്നി. അവന്‍ സകല ശക്തിയുമെടുത്ത് സൈക്കിള്‍ ഒന്നു വളച്ചു. ഭാഗ്യവശാല്‍ രണ്ടു ടിപ്പറുകള്‍ക്കിടയിലൂടെ തലനാരിഴയ്ക്ക് ഞങ്ങള്‍ രക്ഷപ്പെട്ടു എന്നു പറയാം. പക്ഷേ, സൈക്കിള്‍ അപ്പോഴും നില്ക്കുകയോ അതിന്റെ സ്പീഡ് കുറയുകയോ ചെയ്തില്ല. രണ്ടു ബൈക്കുകള്‍ക്കു മുന്നിലൂടെ വളഞ്ഞുപുളഞ്ഞ് ഞങ്ങള്‍ റോഡിന്റെ ഒരരികിലെത്തി. നമുക്ക് റോഡിലേക്ക് ചാടാമെന്ന് ഞാന്‍ അവനോടുപറഞ്ഞു. പക്ഷേ, അവന്‍ അനുവദിച്ചില്ല. ഒടുവില്‍ റോഡിന്റെ ഒരു നിരന്ന ഭാഗത്തെത്തുമ്പോള്‍ സൈക്കിള്‍ സാവധാനം നിന്നു. ഒരു ഞൊടിയിട വ്യത്യാസത്തില്‍ ആയിരുന്നു നമ്മള്‍ അന്ന് രക്ഷപ്പെട്ടത്.  പക്ഷേ, മനസ്സിന്റെ അസ്വാസ്ഥ്യത്തില്‍ നിന്നും രക്ഷപ്പെടാന്‍ എനിക്കു കഴിഞ്ഞില്ല. ആ രാത്രി മുഴുവന്‍ ഞാന്‍ ആ ഷോക്കിലായിരുന്നു. സൈക്കിളോടിക്കാന്‍ പഠിച്ച ആ ദിവസം ഓര്‍മ്മിക്കാന്‍ ഒരുമാര്‍ഗമായി അത് അവശേഷിച്ചു.

No comments:

Post a Comment