Thursday, November 25, 2010

നനവുള്ള ഒരോര്‍മ-ഷഹന.വി.പി

നനവുള്ള ഒരോര്‍മ
ഷഹന.വി.പി.പ്ലസ് വണ്‍ സയന്‍സ്
യാത്ര പോകുവാന്‍ ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാകില്ല. അന്നൊരു സന്തോഷത്തിന്റെ ദിവസമായിരുന്നു. കാരണം ഞാനൊരു യാത്ര പോവുകയാണ്. ഒരു പഠനയാത്ര. സ്കൂള്ല്‍ നിന്ന് കൂട്ടുകാരോടൊപ്പം ബസ്സിലായിരുന്നു യാത്ര. ഒരു പഠനയാത്ര എന്നതിലുപരി ഞങ്ങളെ സംബന്ധിച്ചിടത്തോളം അതൊരുല്ലാസയാത്രയായിരുന്നു. അതുകൊണ്ടുതന്നെ ഉള്ള കുസൃതിത്തരങ്ങളൊക്കെ ഞങ്ങള്‍ ഒപ്പിച്ചുവെച്ചിരുന്നു. ബസ്സിനുള്ളിലെ ആട്ടവും പാട്ടിനുമിടെ പുറം കാഴ്ചകളാസ്വദിക്കാനും ഞങ്ങള്‍ മറന്നില്ല . ഞങ്ങളുടെ ബസ്സ് ജുക്കീസ് എന്ന കളിയുടെ മഹാസാമ്രാജ്യത്തെ ലക്ഷ്യമാക്കി നീങ്ങി. ബസ്സിറങ്ങുമ്പോള്‍ ഞങ്ങളുടെ ആവേശങ്ങള്‍ക്കതിരില്ലായിരുന്നു. കളിയുടെ കൊട്ടാരവാതില്‍ നമുക്കുമുന്നില്‍ തുറന്നപ്പോള്‍ കൃഷ്ണന്റെ വായിലൂടെ ഈരേഴുലോകവും കണ്ട യശോദയെപ്പോലെ ഞങ്ങള്‍ അദ്ഭുതം കൊണ്ട് തരിച്ചുനിന്നുപോയി.
ആദ്യം തന്നെ സ്വിമ്മിംഗ് പൂളില്‍ ഇറങ്ങുവാനായിരുന്നു ഞങ്ങളുടെ തീരുമാനം.പക്ഷേ, ഉച്ചകഴിഞ്ഞേ സ്വിമ്മിംഗ് പൂളില്‍ ഇറങ്ങുവാന്‍ പാടുള്ളൂ എന്ന അദ്ധ്യാപകരുടെ വിലക്കുകാരണം ഞങ്ങള്‍ ആദ്യം മറ്റുകാര്യങ്ങള്‍ ആസ്വദിച്ചു. ഉച്ചയൊന്നുമായില്ലെങ്കിലും ഞാനും എന്റെ കൂട്ടുകാരിയും സ്വിമ്മിംഗ് പൂളില്‍ കളിക്കാനിറങ്ങി. ഞങ്ങള്‍ അതിന്റെ ആഴത്തിലേക്ക് നടക്കാന്‍ തീരുമാനിച്ചു. പക്ഷേ പകുതിയെത്തുമ്പോള്‍ത്തന്നെ അരക്കെട്ടിനുതാഴെ ഭാരമില്ലാത്തതായി തോന്നി. ഉടന്‍ ഞങ്ങള്‍ കരയിലേക്കുകയറി. അണപൊട്ടിയൊഴുകുന്ന ആവേശവും അതിരുകളുള്ളസ്വപ്നങ്ങളുമായി ഞങ്ങള്‍ അവിടെ നില്ക്കുമ്പോഴാണ് മുകളില്‍ നിന്ന് ഒരു കൂട്ടുകാരി ഞങ്ങളെ അവിടുത്തേക്ക് ക്ഷണിച്ചത് . ഒരു എടുത്തുചാട്ടക്കാരിയായ ഞാന്‍ ഒന്നുമാലോചിക്കാതെ കൂട്ടുകാരിയെയും കൂട്ടി അവിടുത്തേക്കോടി.
സ്കൂളില്‍ നടക്കാറുള്ള ഓട്ടമത്സരങ്ങളില്‍ ഞാന്‍ പങ്കെടുക്കാറുണ്ടായിരുന്നു. സ്ഥാനങ്ങളൊന്നും ലഭിക്കാറില്ലെങ്കിലെങ്കിലും ആ മുന്‍പരിചയം എന്നെ അഹങ്കാരിയാക്കി. കൂട്ടുകാരിയെ പിന്നിലാക്കാനുള്ള ആവേശത്തില്‍ ഞാനോടി. എന്റെ അഹങ്കാരം തറയ്ക്കു പിടിച്ചുകാണില്ല. എന്റെയോ തറയുടെയോ ബലക്ഷയം കാരണം പിന്നീടുള്ള എന്റെ ചലനങ്ങള്‍ക്ക് ലക്ഷ്യമില്ലാതായിമാറി. വെടിയേറ്റ പക്ഷിയെപ്പോലെ കൈകാലുകള്‍ കുഴഞ്ഞ് ഞാനവിടെ നിലം പതിച്ചു.  പിന്നീട് എന്താണ് സംഭവിച്ചതെന്ന് എനിക്കുപോലുമറിയില്ല. കുറച്ചുകഴിഞ്ഞ് ടീച്ചറെന്നെ മെല്ലെ തട്ടിയുണര്‍ത്തിയപ്പോള്‍ എന്തു സംഭവിച്ചെന്നതറിയാതെ ഞാന്‍ വിങ്ങിക്കരഞ്ഞു. വലതുകൈയിലെ എല്ലിന് തേയ്മാനം സംഭവിച്ചതിനാല്‍ വേദനകൊണ്ടെനിക്ക് കയ്യനക്കാന്‍ പറ്റിയില്ല. അന്നാണ് ഞാന്‍ മനസ്സിലാക്കിയത് മുതിര്‍ന്നവരുടെ വാക്ക് മുതുനെല്ലിക്ക ആദ്യം കയ്ക്കും പിന്നെ മധുരിക്കും.

1 comment:

  1. സദ്ദാം
    സാമ്രജ്യശക്തിതന്‍ കൈകളാല്‍ മൃത്യുവെ-
    പ്പുല്കിയോരിറാഖിന്‍റെ ധീരപുത്രാ
    ചെംചോരയുള്ള കരങ്ങളുര്‍ത്തിഞാന്‍
    ചെമ്മാനത്തിന്‍കീഴെ നിന്നു ചൊല്‍വു
    മണ്ണിന്‍റെ സ്വത്തെ,കരുത്തേ,സുഗന്ധമേ,
    ആയിരമായിരമാഭിവാദനം.
    നിന്‍തരുവാടിയില്‍ പൂത്തതും കായിച്ചതും
    വിപ്ലവത്തിന്‍റെ ചുവപ്പല്ലവോ
    വിപ്ലവം നെയ്തൊരാപ്പട്ടുനൂല്‍പ്പയായില്‍
    അന്തിയുറങ്ങിയ പ്രിയസഖാവേ
    മറയ്ക്കുവാനവില്ല നിന്‍ പ്രഭാവം
    മായ്കുവാനവില്ല നിന്‍റെ ചിത്രം
    ചെംചോരപേറുന്ന ഹൃത്തില്‍കരംവച്ചു
    അഭിമാനപൂര്‍വം ഞാന്‍ ചൊല്ലിടുന്നു
    കര്‍മധീരനാം സദ്ദാം ഹുസൈനേ,
    ചെംചുടുചോരതന്നഭിവാദ്യങ്ങള്‍
    കരയില്ല കണ്ണേ നിനക്കു വേണ്ടി
    പറയില്ല നിന്‍ മനംനോവുന്ന വാക്കുകള്‍
    നിന്‍ കുടീരത്തിങ്കല്‍ ഞാനിതാ വിതറുന്നു
    ഇന്‍ക്യിലാബിന്‍റെ ചെമെന്ന പൂക്കള്‍

    BY AMALRAJ AUGUSTINE XI A

    ReplyDelete